
ബെംഗളൂരു: റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന ചില്ലയിൽ തട്ടാതിരിക്കാനുള്ള ശ്രമം. സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലാണ് സംഭവം. സഹോദരനൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന പ്രിയങ്ക എന്ന 26കാരിയാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. സ്കൂട്ടറിന്റെ പിന്നിലിരുന്ന പ്രിയങ്ക വാഹനം വെട്ടിച്ചതോടെ റോഡിലേക്ക് വീഴുകയായിരുന്നു. ഇതേസമയം എതിർ ദിശയിൽ വന്ന ട്രക്ക് 26കാരിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന പ്രിയങ്ക കുമാരി ആലൂർ ബിഡിഎ ഫേസ് 2ലാണ് താമസിച്ചിരുന്നത്. 34കാരനായ സഹോദരൻ നരേഷ് കുമാറിനൊപ്പമായിരുന്നു പ്രിയങ്ക യാത്ര ചെയ്തിരുന്നത്. നിലാമംഗലയ്ക്ക് സമീപത്ത് വച്ച് ഹുസ്കൂർ മെയിൻ റോഡിൽ വച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ 10.45ഓടെയാണ് അപകടമുണ്ടായത്. മരച്ചില്ലയിൽ തട്ടാതിരിക്കാൻ സ്കൂട്ടർ പെട്ടന്ന് വലത്തോട്ട് തിരിച്ചതോടെയാണ് ബാലൻസ് നഷ്ടമായി യുവതി റോഡിലേക്ക് വീണത്.
മഡവാര മെട്രോ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു സഹോദരങ്ങൾ. പ്രിയങ്ക ഹെൽമറ്റ് ധരിച്ചിരുന്നില്ല. യുവതിയുടെ സഹോദരനും നിലത്ത് വീണെങ്കിലും 34കാരൻ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടക്കത്തിൽ റോഡിലെ ഗട്ടറിൽ വീണുവെന്നായിരുന്നു പുറത്ത് വന്ന വിവരം. എന്നാൽ ട്രക്ക് കയറിയാണ് യുവതി മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. തലയിലേറ്റ ഗുരുതര പരിക്കിനേ തുടർന്നാണ് 26കാരിയുടെ അന്ത്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam