
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ പരാതി ഉന്നയിച്ച വ്യവസായികളുടെയും മൊഴിയെടുക്കാന്‍ എസ്ഐടി. തട്ടിപ്പില്‍ നഷ്ടപ്പെട്ട 60 കിലോ വെളളിക്കട്ടിയക്കം വഴിപാടായി നല്‍കിയവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തുക. തട്ടിപ്പില്‍ ആരോപണം നേരിടുന്ന ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയെ വിശ്വഹിന്ദു പരിഷത്ത് നേതാവ് തള്ളിപ്പറഞ്ഞു.
അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ 60 കിലോ വെള്ളിക്കട്ടി നല്‍കിയത് ഇന്ത്യന്‍ ബുള്യന്‍ ആന്‍റ് ജുവലേഴ്സ് അസോസിയേഷനാണ്. രാജ്യമെമ്പാടുമുളള വ്യാപാരികളില്‍ നിന്ന് വഴിപാടായി വെള്ളി വാങ്ങി അവരുടെ പേര് ആലേഖനം ചെയ്താണ് സമര്‍പ്പിച്ചത്. വെള്ളിക്കട്ടി പോയിട്ട് പൊടി പോലുമില്ലാത്തിടത്ത് ക്ഷേത്രട്രസ്റ്റിനെതിരെ പരാതി നല്‍കുമെന്ന് അസോസിയേഷന്‍ അധ്യക്ഷന്‍ അനുരാഗ് രസ്തോഗി വ്യക്തമാക്കിയിരുന്നു. മൂന്ന് കിലോ വരുന്ന വെള്ളി മാലയും പാദുകങ്ങളും മുംബൈയിലെ വ്യവസായി അനില്‍ വിശ്വകര്‍മ്മയും സമര്‍പ്പിച്ചിരുന്നു.
രസീതും വഴിപാട് ചാര്‍ത്തി നില്‍ക്കുന്ന വിഗ്രഹത്തിന്‍റെ ഫോട്ടോയും അയച്ച് നല്‍കാമെന്ന് വിശ്വകര്‍മ്മയോട് പറഞ്ഞതും കളവായിരുന്നു. രണ്ട് കോടി രൂപയുടെ വെള്ളി നല്‍കിയിരുന്നെന്നും രസീത് പോലും നല്‍കിയില്ലെന്നും കാസില്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഡോ. രാജു മാന്‍വാനിയും പരാതിപ്പെട്ടിരുന്നു. ഇവരുടേതടക്കം രഹസ്യമായി വിവരം നല്‍കിയവരുടെ മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തും. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയോട് അടുപ്പമുള്ള ക്ഷേത്ര ജീവനക്കാരുടെ വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ കണ്ടുത്തതായി പ്രത്യേക സംഘത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചനയുമുണ്ട്.
കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും,ട്രസ്റ്റോ അനുബന്ധ പ്രസ്ഥാനങ്ങളോ ഉത്തരവാദികളല്ലെന്നും ചമ്പത് റായിയെ തള്ളി വിശ്വഹിന്ദു പരിഷത്ത് ജോയിന്‍റ് സെക്രട്ടറി സുരേന്ദ്ര ജയിന്‍ നിലപാടറിയിച്ചു. അതേ സമയം പ്രവര്‍ത്തനം ഒട്ടും സുതാര്യമല്ലെന്ന് ട്രസ്റ്റ് ആദ്യം ഓഡിറ്റ് ചെയ്ത സ്ഥാപനം 2020ൽ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്ന വിവരവും പുറത്ത് വന്നു. കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് അന്നേ മുന്നറിയിപ്പ് നല്‍കിയിട്ടും ഒരിടപെടലും യോഗി സര്‍ക്കാര്‍ നടത്തിയിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam