മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ. വിവാദങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായ മറുപടി നൽകണമെന്നും ജനങ്ങളുടെ വിശ്വാസം നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദില്ലി: വിവാദങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായ മറുപടി നൽകണമെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ. തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും പാസ്വാൻ വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇത്തരം ചോദ്യങ്ങൾ ഉയരുമ്പോൾ, കൃത്യമായ മറുപടി നൽകേണ്ടത് കമ്മീഷന്റെ, പ്രത്യേകിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരവാദിത്തമാണെന്ന് ചിരാഗ് പാസ്വാൻ പറഞ്ഞു. പ്രതിപക്ഷം എന്ത് പറയുന്നു എന്നത് തനിക്ക് വിഷയമല്ല, കാരണം രാഷ്ട്രീയം കളിക്കുക എന്നതാണ് അവരുടെ പണിയെന്നും പാസ്വാൻ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കണം. തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ജനങ്ങളുടെ മനസ്സിൽ സംശയങ്ങൾ ഉണ്ടാകുന്നത് തെറ്റായ കാര്യമാണ്. അതിനാൽ, ജനങ്ങൾക്ക് സംശയങ്ങൾ ഉണ്ടാകാതിരിക്കാൻ കമ്മീഷൻ തങ്ങളുടെ ഭാഗം ശക്തമായി അവതരിപ്പിക്കണമെന്നും ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടു.

അതിനിടെ, രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ശരിയായ രീതിയിലല്ല പ്രവർത്തിക്കുന്നതെങ്കിൽ കേരളത്തിൽ കോൺഗ്രസ് എങ്ങനെ ജയിച്ചുവെന്ന് മന്ത്രി ചോദിച്ചു. രാഹുൽ ഗാന്ധി ഉന്നയിക്കുന്നത് തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും അർജുൻ റാം മേഘ്‌വാൾ പറഞ്ഞു.

എസ്ഐആർ നടപടിക്രമങ്ങളിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയുണ്ടായെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ആണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം പടയൊരുക്കം നടത്തുന്നത്. കമ്മീഷനിലെ നടപടികൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും 10 മാസത്തിനിടെ 14 തവണയെങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ചതായി വ്യാഴാഴ്ച 'ദ ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

അതേസമയം അന്തിമ തീരുമാനങ്ങളിന്മേൽ കമ്മീഷണർമാർക്ക് വിയോജിപ്പുണ്ടായിരുന്നു എന്ന വാദം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. കരട് തയ്യാറാക്കുന്ന ഘട്ടത്തിൽ ഉണ്ടായ സാധാരണ നടപടിക്രമം മാത്രമാണെന്നും എസ്ഐആർ ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ മൂന്നംഗ കമ്മീഷൻ എടുത്ത അന്തിമ തീരുമാനങ്ങളെല്ലാം ഏകകണ്ഠമായിരുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കി.