
ലക്നൌ : വര്‍ഷങ്ങളായി അപമാനവും അനീതിയും സഹിച്ച് കഴിഞ്ഞ നഗരമായ അയോധ്യ ലോകത്തിലെ തന്നെ ഏറ്റവും മനോഹര നഗരമാകാനുള്ള തയ്യാറെടുപ്പിലാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി. കൊവിഡ് മഹാമാരിക്കിടയിലും രാമക്ഷേത്രത്തിന്‍റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചതിന് പ്രധാനമന്ത്രിയെ അഭിനന്ദിച്ചതിന് ശേഷമാണ് യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനയെന്നാണ് ടെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ല് ഇട്ടതിന് ശേഷമുള്ള ആദ്യ ദീപാവലി അവസരത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. സരയൂ നദിക്കരയില്‍ 5.51 ലക്ഷത്തോളം ദീപങ്ങള്‍ കത്തിച്ചായിരുന്നു അയോധ്യയിലെ ദീപാവലി ആഘോഷം. വര്‍ഷങ്ങളായി ആളുകളുടെ പ്രതീക്ഷയായിരുന്ന രാമക്ഷേത്രം പ്രാവര്‍ത്തികമാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
2021ല്‍ 7.51 ലക്ഷം ദീപങ്ങളാവും ദീപാവലി ആഘോഷിക്കാനായി തെളിക്കുകയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അയോധ്യയെ നേരത്തെ ആളുകള്‍ ഭയപ്പെടുകയും ഇവിടേക്ക് വരാനായി വിസമ്മതിച്ചിരുന്ന കാലവുമുണ്ടായിരുന്നു. തന്‍റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മന്ത്രിമാര്‍ അയോധ്യ സന്ദര്‍ശിക്കുമോയെന്ന് ചോദിച്ചിരുന്ന ജനങ്ങളും ഉദ്യോഗസ്ഥരുമുണ്ടായിരുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
എന്നാല്‍ അയോധ്യയേക്കുറിച്ചുള്ള അത്തരം ധാരണകള്‍ മാറി, ഇപ്പോള്‍ ലോകമെമ്പാടുമുള്ള ആളുകളാണ് ഇവിടേക്ക് വരാനായി കാത്തിരിക്കുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യ ലഭിച്ചതിന് ശേഷം ഒരു സര്‍ക്കാര്‍ ജാതി, മത ഭേദമില്ലാതെ ജനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് ഇപ്പോഴാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam