പകരം വയ്ക്കാനില്ലാത്ത ബിജെപിയുടെ കരുത്തൻ, ഒരു കാലത്തെ വിമതൻ, ബി എസ് യെദിയൂരപ്പ

By Web TeamFirst Published Jul 26, 2021, 1:40 PM IST
Highlights

നാലാം തവണയും മുഖ്യമന്ത്രിയായി കാലാവധി തികയ്ക്കാനാകാതെ ബി സിദ്ധലിംഗപ്പ യെദിയൂരപ്പ സ്ഥാനമൊഴിയുന്നു. പാര്‍ട്ടിയെ വളര്‍ത്തിയും തളര്‍ത്തിയും ഏറെ പരിചയസമ്പന്നനായ നേതാവ് പടിയിറങ്ങുന്നത് നിര്‍ണ്ണായക നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ്. കര്‍ണാടകത്തിലാകെ സ്വാധീനമുള്ള സൗമ്യസമീപനമുള്ള  നേതാവ് പടിയിറങ്ങുമ്പോൾ...

ബെംഗളുരു: കർണാടക ബിജെപിയുടെ പകരംവെക്കാനില്ലാത്ത നേതാവാണ് ബി എസ് യെദിയൂരപ്പ. ബിജെപി കണ്ട എക്കാലത്തെയും കരുത്തുറ്റ വിമതനുമാണ് ബി സിദ്ധലിംഗപ്പ യെദിയൂരപ്പ. രാഷ്ട്രീയഭേദമന്യേ സൗമ്യസമീപനമുള്ള നേതാവിനെ മാറ്റിനിർത്തുക ബിജെപിക്ക് ഒരിക്കലും എളുപ്പമായിരുന്നില്ല. രണ്ട് വര്‍ഷത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കര്‍ണാടകത്തില്‍ ബിജെപിക്ക് ഇനി ഞാണിന്‍മേല്‍കളിയാണ്.

നാലാം തവണയും മുഖ്യമന്ത്രിയായി കാലാവധി തികയ്ക്കാനാകാതെ ബി സിദ്ധലിംഗപ്പ യെദിയൂരപ്പ സ്ഥാനമൊഴിയുന്നു. പാര്‍ട്ടിയെ വളര്‍ത്തിയും തളര്‍ത്തിയും ഏറെ പരിചയസമ്പന്നനായ നേതാവ് പടിയിറങ്ങുന്നത് നിര്‍ണ്ണായക നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ്. കര്‍ണാടകത്തിലാകെ സ്വാധീനമുള്ള സൗമ്യസമീപനമുള്ള  നേതാവ് പടിയിറങ്ങുമ്പോൾ പകരമാരെത്തുമെന്ന ചോദ്യമാണ് കർണാടകത്തിലാകെ ഉയരുന്നത്. 

ദക്ഷിണേന്ത്യയിൽ ബിജെപി സാന്നിധ്യം ഉറപ്പിച്ചത് കർണാടകത്തിൽ യെദിയൂരപ്പയാണ്. 2006-ൽ ജെഡിഎസിനൊപ്പം സർക്കാരുണ്ടാക്കി. കുമാരസ്വാമിക്ക് കീഴിൽ ഉപമുഖ്യമന്ത്രിയായി. കുമാരസ്വാമി വാക്ക് മാറിയെങ്കിലും 2007-ൽ യെദിയൂരപ്പ മുഖ്യമന്ത്രിയായി. ഏഴ് ദിവസത്തെ ആയുസ്സ് മാത്രം. 2008-ൽ ബിജെപി ഭൂരിപക്ഷത്തിലെത്തി. മൂന്ന് വർഷത്തിന് ശേഷം അഴിമതിക്കേസുകളിൽ കുടുങ്ങി പുറത്തുപോയി.

2018-ൽ ഒരു ദിവസത്തെ ആയുസ്സ് മാത്രം മുഖ്യമന്ത്രിക്കസേരയിൽ.  കോൺഗ്രസും ജെഡിഎസും സഖ്യമുണ്ടാക്കിയപ്പോൾ യെദിയൂരപ്പ വീണു. അവസാനിക്കാത്ത അഴിമതി ആരോപണങ്ങൾക്കിടയിൽ മധുരപ്രതികാരമായിരുന്നു നാലാം വരവ്. കോണ്‍ഗ്രസിലും ദളില്‍ നിന്നും 16 പേരെ കൂറുമാറ്റിയുള്ള ഓപ്പറേഷന്‍ കമലം.

ഭാഗ്യവും തന്ത്രവും ഒരേ അളവിൽ തുണച്ച അധികാരവഴില്‍ വിവാദങ്ങളും വിട്ടൊഴിഞ്ഞിട്ടില്ല. ശോഭ കരന്തലജെയുമായുള്ള വിവാഹാരോപണത്തിന്‍റെ പേരില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മുതിര്‍ന്ന നേതാവ് പലപ്പോഴും വിതുമ്പി.

കോണ്‍ഗ്രസിന്‍റെയും ജെഡിഎസ്സിന്‍റെയും വോട്ടുബാങ്കായ വൊക്കലിംഗ സമുദായത്തില്‍ സ്വാധീനമുറപ്പിക്കാന്‍ കൂടിയാണ് നേതൃമാറ്റം. എന്നാല്‍ ലിംഗായത്ത് നേതാവിനെ ബിജെപി മാറ്റുന്നത് ഏറെ വെല്ലുവിളികള്‍ ബാക്കിനിര്‍ത്തിയാണ്. അഴിമതിക്കേസുകളിൽ മുങ്ങി 2011-ൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയപ്പോൾ യെദിയൂരപ്പ പാർട്ടിയിൽ നിന്ന് തന്നെ പുറത്തുപോയി. കർണാടക ജനത പക്ഷ ഉണ്ടാക്കി. 2013-ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അടിവേരിളക്കി. പാര്‍ട്ടിയെ പിടിച്ചുനിര്‍ത്താന്‍ യെദിയൂരപ്പയെ തിരിച്ചുവിളിക്കേണ്ടി വന്നു ബിജെപിക്ക്. 

ഇത്തവണ അട്ടിമറി നീക്കങ്ങള്‍ക്ക് ശിവമൊഗ്ഗയില്‍ നിന്നുള്ള നേതാവ് വീണ്ടും ഒരുങ്ങിയാല്‍ ബിജെപിക്ക് വീണ്ടും പരീക്ഷണകാലമാകും. വിധാനസൗധയില്‍ വീണ്ടും കര്‍നാടകത്തിന് തിരശ്ശീല ഉണരുകയാണ്.

click me!