
ലഖ്നൗ: ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് പറയുമ്പോൾ സൽമാൻ ഖാന്റെയും ഷാരൂഖ് ഖാന്റെ മകൻ ആര്യന്റെയും പേരെടുത്ത് പരാമർശിച്ച് യോഗാ ഗുരു ബാബാ രാംദേവ്. സോഷ്യൽമീഡിയയിൽ വൈറലായതോടെ പ്രസംഗം വിവാദമാകുകയും ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിൽ മയക്കുമരുന്ന് വിരുദ്ധ കാമ്പെയ്‌നിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിന്റെ വ്യാപനത്തിന് സിനിമാ വ്യവസായത്തെയും താരങ്ങളെയും കുറ്റപ്പെടുത്തുകയായിരുന്നു ബാബാ രാംദേവ്.
"ഷാരൂഖ് ഖാന്റെ മകൻ (ആര്യൻ ഖാൻ) പാർട്ടിയിൽ ലഹരിമരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടു, അവൻ ജയിലിലേക്ക് പോയി, സൽമാൻ ഖാൻ ലഹരിമരുന്ന് കഴിക്കുന്നു, ആമിർ ഖാനെക്കുറിച്ച് എനിക്കറിയില്ല, ഈ അഭിനേതാക്കളെക്കുറിച്ച് ദൈവത്തിന് അറിയാം." ഉത്തർപ്രദേശിലെ മൊറാദാബാദിലെ സമ്മേളനത്തിലായിരുന്നു ബാബാ രാംദേവിന്റെ പ്രസംഗം. "എത്ര സിനിമാതാരങ്ങൾ മയക്കുമരുന്ന് കഴിക്കുന്നുവെന്ന് ആർക്കറിയാം. നടിമാരുടെ കാര്യം അതിലും മോശമാണ്. സിനിമാ മേഖലയിൽ എല്ലായിടത്തും മയക്കുമരുന്നാണ്. ബോളിവുഡിൽ മയക്കുമരുന്നുണ്ട്, രാഷ്ട്രീയത്തിൽ മയക്കുമരുന്നുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് സമയത്ത് മദ്യം വിതരണം ചെയ്യുന്ന കാര്യവും മറന്നുകൂടാ. ഇന്ത്യ എല്ലാ ലഹരിയിൽ നിന്നും മുക്തമാകണമെന്ന് പ്രതിജ്ഞയെടുക്കണം. ഇതിനായി തങ്ങൾ ഒരു പ്രസ്ഥാനം ആരംഭിക്കുമെന്നും ബാബാ രാംദേവ് പറഞ്ഞു. അദ്ദേഹത്തിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങളോട് സിനിമാതാരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലഹരിപാർട്ടി കേസിൽ കഴിഞ്ഞ വർഷം അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കിയിരുന്നു. 20 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ആര്യന് ജാമ്യം ലഭിച്ചത്. 2020-ൽ നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് ശേഷം "ബോളിവുഡ്-ലഹരിമരുന്ന് ബന്ധം" സംബന്ധിച്ച അന്വേഷണത്തിൽ നിരവധി സിനിമാ പ്രമുഖരെ ചോദ്യം ചെയ്തിരുന്നു.