
ദില്ലി: ആമിര്‍ ഖാന്‍റെ ഹിറ്റ് ചിത്രമായ ദംഗലിന് പ്രചോദനമായ ഇന്ത്യന്‍ വനിതാ ഗുസ്തി താരം ബബിത ഫോഗട്ടും പിതാവ് മഹാവീര്‍ ഫോഗട്ടും ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയില്‍ നടന്ന ചടങ്ങിലാണ് ഇരുവരും ബിജെപിയില്‍ അംഗത്വമെടുത്തത്. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതും ജമ്മു കശ്മീരിനെ വിഭജിച്ചതിലും പിന്തുണച്ചാണ് ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്. ഹരിയാനയിലെ ബിജെപി സര്‍ക്കാറിനെയും ഇരുവരും പുകഴ്ത്തി.
2019ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് അജയ് സിംഗ് ചൗതാലയുടെ ജന്‍നായക് ജനതാ പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നു. പാര്‍ട്ടിയുടെ സ്പോര്‍ട്സ് സെല്‍ തലവന്‍റെ ചുമതല നല്‍കിയെങ്കിലും മത്സരിക്കാന്‍ സീറ്റ് നല്‍കിയിരുന്നില്ല. ഡെപ്യൂട്ടി എസ്പിയാക്കി ഉയര്‍ത്തിയില്ലെന്നാരോപിച്ച് ബബിത നേരത്തെ ഹരിയാനയിലെ ബിജെപി സര്‍ക്കാറിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ ബബിതക്ക് സബ് ഇന്‍സ്പെക്ടര്‍ പോസ്റ്റാണ് ഹരിയാന സര്‍ക്കാര്‍ നല്‍കിയിരുന്നത്. ബബിതയുടെ ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്ന് അവര്‍ ജോലി രാജിവച്ചു. മറ്റൊരു ഗുസ്തി താരം ഗീതാ ഫോഗട്ടാണ് ബബിതയുടെ സഹോദരി. ദ്രോണാചാര്യ പുരസ്കാര ജേതാവാണ് മഹാവീര്‍ ഫോഗട്ട്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് കിട്ടുമെന്നാണ് ഇവരുടെ പ്രതീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam