വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നവജാതശിശുക്കളെ വന്ധ്യതാ ചികിത്സയ്ക്ക് എത്തിയവര്‍ക്ക് വിറ്റു: അന്വേഷണം കേരളത്തിലേക്കും

By Web TeamFirst Published May 1, 2019, 4:12 PM IST
Highlights

നാമക്കലില്‍ ഇരുപതിലധികം നവജാതശിശുക്കളെ വിറ്റ കേസില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു. കേസില്‍ അ‍ഞ്ച് സ്ത്രീകള്‍ ഉള്‍പ്പടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈ: തമിഴ്നാട്ടിലെ നാമക്കലില്‍ ഇരുപതിലധികം നവജാതശിശുക്കളെ വിറ്റ കേസില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി രണ്ടര മുതല്‍ നാലര ലക്ഷം രൂപയ്ക്കാണ് കുട്ടികളെ വിറ്റതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ അ‍ഞ്ച് സ്ത്രീകള്‍ ഉള്‍പ്പടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആദിവാസി വിഭാഗത്തില്‍ നിന്ന് ഉള്‍പ്പടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ദമ്പതികളെയാണ് സംഘം വലയില്‍പ്പെടുത്തിയത്. തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. കുട്ടികളില്ലാത്ത ദമ്പതികള്‍ക്കാണ് കൂടുതലും നവജാതശിശുക്കളെ വിറ്റത്. 7000 മുതല്‍ 30000 രൂപയ്ക്കാണ് കുട്ടികളെ സംഘം വാങ്ങിയിരുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇങ്ങനെ ഇരുപതിലധികം കുട്ടികളെ കേരളം, കര്‍ണാടക, ആന്ധ്ര, മുതല്‍ ശ്രീലങ്കയിലേക്ക് വരെ വില്‍പന നടത്തിയെന്ന് നാമക്കല്‍ പൊലീസ് പറയുന്നു. 

വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചാണ് വില്‍പന നടത്തിയിരുന്നത്. വന്ധ്യതാ ചികിത്സയ്ക്ക് എത്തുന്ന ദമ്പതികളെ കേന്ദ്രീകരിച്ചായിരുന്നു കച്ചവടം. കുട്ടിയെ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച നാമക്കല്‍ സ്വദേശിയും ഇടനിലക്കാരിയായ നേഴ്സും തമ്മിലുള്ള ഫോണ്‍ സംഭാഷണം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. നാമക്കല്‍ കൊള്ളിമല സര്‍ക്കാര്‍ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ മുരുകേശന്‍, നഴ്സായിരുന്ന അമുദ, തദ്ദേശ സ്ഥാപനത്തിലെ ഉദ്യോഗസ്ഥ അടക്കം എട്ട് പേരെ അറസ്റ്റ് ചെയ്തു. 

കണ്ണൂരില്‍ നിന്നുള്ള ദമ്പതികളുടെ വിലാസത്തിലും കുട്ടികളെ വാങ്ങിയിട്ടുണ്ട്. ഇത് വ്യാജ വിലാസമാണോ എന്നും സംശയുമുണ്ട്. സിബിസിഐഡിയാണ് പരിശോധന നടത്തുന്നത്.അറസ്റ്റിലായവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. വിറ്റ നവജാത ശിശുക്കളില്‍ 13 പേര്‍ പെണ്‍കുട്ടികളാണ്. കുട്ടികളില്ലാത്ത ദമ്പതികളെ കേന്ദ്രീകരിച്ച് മാത്രമായിരുന്നോ വില്‍പനയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. നാമക്കലില്‍ ഉള്‍പ്പടെ മൂന്ന് വര്‍ഷത്തിനിടെ ജനിച്ച കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്.

click me!