
ഭുവന്വേശ്വർ: ഒഡിഷയിലെ മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ കാണാതായ സംഭവത്തിൽ 28കാരി അറസ്റ്റിൽ. ഒഡിഷയിലെ സാംബൽപൂരിലെ വീർ സുരേന്ദ്ര സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിൽ നിന്ന് ചൊവ്വാഴ്ചയാണ് നവജാത ശിശുവിനെ കാണാതായത്. കാണാതായ കുഞ്ഞിന്റെ അമ്മ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ സമയം മുതൽ വിവരങ്ങൾ തിരക്കിയിരുന്ന യുവതിയായിരുന്നു കുഞ്ഞുമായി കടന്ന് കളഞ്ഞത്.
ഒഡിഷയിലെ താൽച്ചറിന് സമീപത്തുള്ള ഖുലിയ ഗ്രാമത്തിൽ നിന്നുള്ള 28കാരിയായ ജസ്പാഞ്ജലി ഒറത്തിനെ സാംബൽപൂർ പൊലീസ് വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പങ്കാളി അരുൺ ഒറമിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും സംഭവത്തിൽ നേരിട്ട് പങ്കില്ലെന്ന് വ്യക്തമായതിനാൽ പൊലീസ് വെറുതെ വിടുകയായിരുന്നു. കൌമാരക്കാലത്ത് അരുൺ ഒറം എന്ന സഹപാഠിയുമായി ജസ്പാഞ്ജലി പ്രണയത്തിലായിരുന്നു. എന്നാൽ ഇയാൾ ജോലി ആവശ്യത്തിന് ഇയാൾ സംസ്ഥാനം വിട്ടതോടെ ജസ്പാഞ്ജലിയെ ബന്ധുക്കൾ മറ്റൊരാൾക്ക് വിവാഹം ചെയ്ത് നൽകുകയായിരുന്നു. ഈ ബന്ധത്തിൽ യുവതിക്ക് ഒരു മകളുണ്ട്. എന്നാൽ യുവതിയുടെ ഭർത്താവ് ഏതാനും വർഷങ്ങൾക്ക് മുൻപ് മറ്റൊരു സ്ത്രീയ്ക്കൊപ്പം ഒളിച്ചോടി. ജസ്പാഞ്ജലിയുടെ മകളേയും കൊണ്ടായിരുന്നു ഭർത്താവ് സ്ഥലം വിട്ടത്. ഇതോടെ യുവതി തിരികെ സ്വന്തം വീട്ടിലെത്തുകയായിരുന്നു. രണ്ട് വർഷം മുൻപാണ് കൌമാരക്കാലത്തെ കാമുകൻ തിരിച്ചെത്തിയെന്ന് യുവതി മനസിലാക്കുന്നത്. യുവതി അരുണുമായി വീണ്ടും പ്രണയത്തിലായതിന് പിന്നാലെ ഇവർ ഒരുമിച്ച് താമസം തുടങ്ങി.
അരുണിൽ നിന്ന് യുവതി ഗർഭിണിയായെങ്കിലും ഗർഭം അലസിപ്പോയി. ഇതോടെ വീട്ടുകാരുടെ സമ്മർദ്ദം താങ്ങാനാവാതെ യുവതി ഗർഭിണിയാണെന്ന് കള്ളം പറയുകയും അഭിനയിക്കുകയുമായിരുന്നു. ഈ വിവരം പങ്കാളിയിൽ നിന്നും യുവതി മറച്ച് വച്ചു. കഴിഞ്ഞ ആഴ്ച പരിശോധനയ്ക്ക് എന്ന വ്യാജേനയാണ് യുവതി മെഡിക്കൽ കോളേജിലെത്തിയത്. ഇവിടെ വച്ച് കാണാതായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളുമായി യുവതി ബന്ധം സ്ഥാപിച്ചു. ഇവരുടെ കുട്ടിയെ തട്ടിയെടുത്തതിന് പിന്നാലെ തനിക്ക് ആൺകുട്ടി ജനിച്ചെന്ന് ജസ്പാഞ്ജലി അരുണിനെ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ പങ്കാളി കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ കുട്ടിയ ഐസിയുവിൽ ആണെന്ന് ബോധിപ്പിച്ച ശേഷം ചൊവ്വാഴ്ച കുട്ടിയെ തട്ടിയെടുത്ത് ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. ഛത്തീസ്ഗഡ് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് യുവതി തട്ടിയെടുത്തത്.
കുഞ്ഞിനെ ബന്ധുവിനെ ഏൽപ്പിച്ച ശേഷം കുട്ടിയുടെ അമ്മയെ ഡോക്ടറെ കാണിക്കാനായി പോയ സമയത്താണ് നവജാത ശിശുവിനെ മോഷണം പോയത്. കുട്ടിയുടെ അമ്മയുടെ ക്ഷേമം പതിവായി എത്തി അന്വേഷിച്ചിരുന്ന സ്ത്രീയുടെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ച ശേഷം ശുചിമുറിയിൽ പോയി വന്നപ്പോഴേയ്ക്കും ഇരുവരേയും കാണാനില്ലായിരുന്നു. അജ്ഞാതയായ സ്ത്രീ കുഞ്ഞുമായി ആശുപത്രി വിട്ട് പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam