
ഫിറോസാബാദ്: ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ട് നിലത്തുവീണ പന്ത്രണ്ട് വയസുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ ഫിറോസാബാദിലുള്ള ഫ്യൂച്ചർ ക്രിക്കറ്റ് അക്കാദമിയിലാണ് ദാരുണമായ സംഭവം നടന്നത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കൾ പിന്നീട് ആശുപത്രിയിൽ ബഹളമുണ്ടാക്കുകയും ചില സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ നിയന്ത്രിച്ചത്.
ഗർഹി റാഞ്ചൂർ സ്വദേശിയായ സുരേന്ദ്ര സിങിന്റെ മകൻ അൻഷ് (12) ആണ് മരിച്ചത്. തിങ്കളാഴ്ച ക്രിക്കറ്റ് അക്കാദമിയിൽ നടന്ന മത്സരത്തിന്റെ ഫൈനലിൽ അൻഷ് ബാറ്റ് ചെയ്യുകയായിരുന്നു. നാല് റൺ നേടിയ ശേഷം അടുത്ത ബോൾ കുട്ടിയുടെ നെഞ്ചിൽ കൊണ്ടു. ഉടൻ തന്നെ വേദന കാരണം നിലത്തുവീണ് പിടഞ്ഞ കുട്ടിയുടെ ബോധം നഷ്ടമായി. പരിശീലകരും അക്കാദമി ഡയറക്ടറും ചേർന്ന് ഉടൻ തന്നെ അൻഷിനെ ആഗ്ര എഫ്എച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു.
കുട്ടിയുടെ മരണ വാർത്ത അറിഞ്ഞാണ് ബന്ധുക്കൾ ആശുപത്രിയിലേക്ക് എത്തിയത്. ഇവർ പിന്നീട് അവിടെ പ്രശ്നമുണ്ടാക്കി. രാത്രി ഏറെ വൈകും വരെയും ആശുപത്രിയിൽ തുടർന്ന് പ്രശ്നങ്ങളുണ്ടാക്കിയ ഇവരെ ഒടുവിൽ പൊലീസ് സ്ഥലത്തെത്തിയാണ് നിയന്ത്രിച്ചത്. മാതാപിതാക്കളുടെ ഒരേയൊരു മകനായ അൻഷിന് ക്രിക്കറ്റിനോടുള്ള താത്പര്യം കണ്ടറിഞ്ഞാണ് മാതാപിതാക്കൾ ഫ്യൂച്ചർ അക്കാദമിയിൽ ചേർത്തത്. കുടുംബാംഗങ്ങളുടെ പരാതി പ്രകാരം അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam