
ദില്ലി: പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിൽ നിന്ന് ഗാന്ധി കുടുംബം മാറിനിൽക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് മുന്നോട്ട് വന്നു. മാധ്യമവാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാലല പറഞ്ഞു. ഊഹാപോഹം പ്രചരിപ്പിക്കുന്നവർക്ക് നാളെ നിരാശപ്പെടേണ്ടി വരുമെന്ന് മാണിക്കം ടാഗോർ എംപിയും പ്രതികരിച്ചു.
അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നാലെ ഗാന്ധി കുടുംബം നേതൃ പദവികളിൽ നിന്ന് മാറിനിന്നേക്കുമെന്ന വാർത്ത പുറത്തുവന്നത്. പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിൽ താത്കാലികമായി തുടരുന്ന സോണിയ ഗാന്ധി ചുമലയൊഴിയാൻ സന്നദ്ധത അറിയിച്ചെന്നാണ് വാർത്ത. ഉത്തർപ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി എഐസിസി സെക്രട്ടറി സ്ഥാനവും ഒഴിയുമെന്നാണ് വാർത്ത.
ഗ്രൂപ്പ് 23 നേതാക്കളുടെ ഭാഗത്ത് നിന്ന് വന്ന കടുത്ത വിമർശനമാണ് ഇപ്പോഴത്തെ തീരുമാനങ്ങളിലേക്ക് ഗാന്ധി കുടുംബത്തെ നയിച്ചത്. അതേസമയം സോണിയയും രാഹുലും പ്രിയങ്കയും സമ്മർദ്ദ തന്ത്രം പയറ്റുകയാണോയെന്ന് സംശയം ദേശീയ തലത്തിൽ ഉയർന്നിട്ടുണ്ട്. പാർട്ടി പ്രവർത്തക സമിതി നാളെ യോഗം ചേരാനിരിക്കെ വലിയ പ്രഖ്യാപനങ്ങൾക്ക് ഇത് ഇടയാക്കിയേക്കും.
നേതൃമാറ്റം ആവശ്യപ്പെട്ട് ഗ്രൂപ്പ് 23
ഒന്നിന് പിന്നാലെ ഒന്നായി ഓരോ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തോറ്റ് തുന്നം പാടുമ്പോള്‍ നേതൃത്വം മാറിയേ തീരൂ എന്ന ആവശ്യം ശക്തമാക്കുകയാണ് ഗ്രൂപ്പ് 23 നേതാക്കള്‍. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭൂപേന്ദ്രഹൂഡ, മനീഷ് തിവാരി എന്നീ നേതാക്കളാണ് ഗുലാംനബി ആസാദിന്‍റെ വീട്ടില്‍ ഒത്തു കൂടിയത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് ഗാന്ധി കുടംബം പിന്‍മാറണം. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനും മല്ലികാര്‍ജുന ഖാര്‍ഗയെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവാക്കാനുമാണ് ഗാന്ധി കുടുംബത്തിന്‍റെ ആലോചന.
ഈ ഫോര്‍മുല അംഗീകരിക്കേണ്ടതില്ലെന്നും ഗ്രൂപ്പ് 23 തീരുമാനിച്ചു. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തും അഴിച്ചു പണി വേണം. പഞ്ചാബിലെ തോല്‍വിയടക്കം ചൂണ്ടിക്കാട്ടി പ്രവര്‍ത്തക സമിതിയില്‍ കെ സി വേണുഗോപാലിനെതിരെ നിലപാട് ശക്തമാക്കാനാണ് ഗ്രൂപ്പ് 23 ന്‍റെ തീരുമാനം. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പോലും ഏകപക്ഷീയമായിരുന്നു. തോല്‍വിക്ക് പ്രധാനകാരണമായി നേതാക്കള്‍ വിലയിരുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam