ജമ്മു കാശ്‌മീർ: അധിക സർവ്വീസിന് തയ്യാറായിരിക്കണമെന്ന് എയർലൈൻസിന് നിർദ്ദേശം; ടിക്കറ്റുകൾ റദ്ദാക്കാൻ എയർ ഇന്ത്യ നിരക്ക് ഈടാക്കില്ല

By Web TeamFirst Published Aug 2, 2019, 11:18 PM IST
Highlights

അമർനാഥ് സന്ദർശനത്തിനെത്തിയ വിശ്വാസികളോടും വിനോദസഞ്ചാരികളോടും മടങ്ങിപ്പോകാൻ ജമ്മു കാശ്മീർ അധികൃതർ ആവശ്യപ്പെട്ടിരുന്നു

ദില്ലി: വൻ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ശ്രീനഗർ വിമാനത്താവളത്തിൽ നിന്ന് അധിക സർവ്വീസ് നടത്താൻ തയ്യാറായിരിക്കണം എന്ന് വിമാനക്കമ്പനികളോട് ഡിജിസിഎ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ജമ്മു കാശ്മീരിൽ ഭീകരർ ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര സുരക്ഷാ ക്രമീകരണങ്ങൾ. 

വാർത്താ ഏജൻസിയാണ് ഉന്നത ഡിജിസിഎ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമർനാഥ് യാത്രക്കെതിരെ പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരർ ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്.

കാശ്മീർ താഴ്വരയിലുള്ള അമർനാഥ് സന്ദർശനത്തിനെത്തിയ വിശ്വാസികളോടും വിനോദസഞ്ചാരികളോടും മടങ്ങിപ്പോകാൻ ജമ്മു കാശ്മീർ അധികൃതർ ആവശ്യപ്പെട്ടിരുന്നു.

ശ്രീനഗർ വിമാനത്താവളം രാത്രി 8.45 ഓടെ ഡിജിസിഎ അധികൃതർ വിശദമായി പരിശോധിച്ചു. ഇപ്പോൾ അധിക സർവ്വീസ് നടത്തേണ്ടതില്ലെന്നാണ് നിഗമനം. എന്നാൽ അടിയന്തിര സാഹചര്യം ഉണ്ടായാൽ അധിക സർവ്വീസ് നടത്താൻ തയ്യാറായിരിക്കണം എന്ന് വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ജമ്മു കാശ്മീരിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകൾ റദ്ദാക്കുന്നതിനും മറ്റൊരിടത്തേക്ക് മാറ്റുന്നതിനുമുള്ള നിരക്കുകൾ എയർ ഇന്ത്യ, ഇന്റിഗോ, വിസ്താര എന്നീ വിമാനക്കമ്പനികൾ ഇളവ് ചെയ്തിരുന്നു.

click me!