
കൊല്‍ക്കത്ത: അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് (Lata Mangeshkar) ആദരമര്‍പ്പിച്ച് ബംഗാള്‍ സര്‍്ക്കാര്‍ (Bengal Government). തിങ്കളാഴ്ച പകുതി ദിവസം അവധി നല്‍കാനും അടുത്ത 15 ദിവസത്തേക്ക് പൊതു സ്ഥലങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ട്രാഫിക് സിഗ്നല്‍ എന്നിവിടങ്ങളില്‍ ലതാ മങ്കേഷ്‌കറുടെ പാട്ട് കേള്‍പ്പിക്കാനും മുഖ്യമന്ത്രി മമതാ ബാനര്‍ജി (Mamata Banerjee) നിര്‍ദേശം നല്‍കി.
സംഗീത ഇതിഹാസം ലതാ മങ്കേഷ്‌കര്‍ ഞായറാഴ്ച രാവിലെയാണ് അന്തരിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഗായികയെ ഇന്നലെ വെന്റിലേറ്ററിലേറ്റ് മാറ്റിയിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. നിരവധി പ്രമുഖര്‍ ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ച് എത്തുന്ന സാഹചര്യം കൂടി പരിഗണിച്ച് ആശുപത്രിയുടെ സുരക്ഷയും വര്‍ധിപ്പിച്ചിരുന്നു.
സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍, എംഎന്‍എസ് തലവന്‍ രാജ് താക്കറെ, സുപ്രിയാ സുലേ എംപി തുടങ്ങിയവര്‍ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു. ജനുവരി 8-നാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ലതാമങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറ് ദിവസം മുന്‍പ് കൊവിഡ് മുക്തയായെങ്കിലും ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 1929-ലാണ് ലതാ മങ്കേഷ്‌കറുടെ ജനനം. 1942 മുതല്‍ അവര്‍ ചലച്ചിത്ര ഗാനരംഗത്ത് സജീവമാണ്. പദ്മഭൂഷണ്, ദാദാ സാഹേബ് ഫാല്‍ക്കെ, മഹാരാഷ്ട്ര ഭൂഷണ്, പദ്മവിഭൂഷണ്, ഭാരത് രത്‌ന തുടങ്ങിയ ഉന്നത പുരസ്‌കരാങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടിട്ടുണ്ട്. 1999 മുതല്‍ 2005 വരെ നോമിനേറ്റഡ് രാജ്യസഭാ അംഗമായും ലതാ മങ്കേഷ്‌കര്‍ പ്രവര്‍ത്തിച്ചു. വിഖ്യാത സംഗീത ആശാ ബോസ്ല സഹോദരിയാണ്.
ലത മങ്കേഷ്‌കറിന്റെ വിയോഗത്തോടെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. സംഗീത ലോകത്ത് ലതയുടെ സമാനതകള്‍ ഇല്ലാത്ത യാത്ര ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. വരും തലമുറകള്‍ക്കായി നിത്യ ഹരിത ഗാനങ്ങളുടെ വസന്ത കാലം സമ്മാനിച്ചാണ് വാനമ്പാടിയുടെ മടക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam