കൊവിഡ് ഭീതി: നാട്ടിൽ ചികിത്സ നിഷേധിച്ചു;ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ യുവാവ് സൈക്കിളോടിച്ചത് 100 കിലോമീറ്റര്‍

By Web TeamFirst Published Jun 24, 2020, 5:21 PM IST
Highlights

ചികിത്സ ലഭിക്കാതെയാണ് തന്‍റെ അച്ഛന്‍ മരിച്ചതെന്നും ആര്‍ക്കും ചികിത്സ നിഷേധിക്കുകയില്ലെന്ന് അമ്മയ്ക്ക് അന്ന് നല്‍കിയ വാക്കാണെന്നും ഡോക്ടര്‍ സിംഗ് പറഞ്ഞു.

കൊൽക്കത്ത: കൊവിഡ് ഭീതിയെ തുടർന്ന് നാട്ടിലെ ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതോടെ ഭാര്യയേയും കൊണ്ട് യുവാവ് സൈക്കിളോടിച്ചത് 100 കിലോമീറ്റര്‍. പശ്ചിമബംഗാളിലെ പുരുലിയയില്‍ നിന്ന് ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍ വരെയാണ് ഇയാൾ സൈക്കിൾ ചവിട്ടിയത്.

പുരുലിയ ജില്ലയിലെ റിക്ഷാവലിക്കാരനായ ഹരിയാണ് ഭാര്യ ബന്ദിനിയും ഏഴു വയസ്സുള്ള മകളുമായി 100 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് പോയത്. പുരുലിയയിലെ വിവിധ ആശുപത്രികളില്‍ ഹരി ഭാര്യയുമായി ചികിത്സ തേടിയെങ്കിലും എല്ലാവരും നിരസിക്കുകയായിരുന്നു. വാടകയ്ക്ക് എടുത്ത സൈക്കിളിലാണ് അവർ യാത്ര ചെയ്തെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

അപ്പെന്‍റിക്‌സ് രോഗം കാരണം വേദനിച്ച് കരയുന്ന ഭാര്യയുമായി പുരുലിയയിലെ സര്‍ക്കാര്‍ ആശുപത്രിയിൽ എത്തിയപ്പോള്‍ പരിശോധിക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് ഹരി പറയുന്നു. കൊവിഡ് പടരുമെന്നും മറ്റെവിടെയെങ്കിലും കൊണ്ടു പോകണമെന്നുമായിരുന്നു മറുപടി. വേദന സഹിക്കാനാവാതെ കരയുന്ന ഭാര്യയുടെ അവസ്ഥ കണ്ടപ്പോള്‍ ജംഷഡ്പൂരിലെ ആശുപത്രിയിലേക്ക് പോകാന്‍ ഹരി തീരുമാനിക്കുകയായിരുന്നു. 

എന്നാൽ, മറ്റ് വാഹനങ്ങൾ വിളിച്ച് പോകാൻ ഹരിയുടെ പക്കൽ പണമുണ്ടായിരുന്നില്ല. അങ്ങനെയാണ് വാടകക്ക് സൈക്കിള്‍ സംഘടിപ്പിച്ച് ഭാര്യയേയും മകളേയും കൊണ്ട് 100 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് ഹരി പോയത്.

ജംഷഡ്പൂരിലെ എംജിഎം ആശുപത്രിയിലെത്തിയ ഉടന്‍ തന്നെ ബന്ദിനിയുടെ സര്‍ജറി നടത്തി. തങ്ങളുടെ അവസ്ഥ അറിഞ്ഞ ആശുപത്രി അധികൃതര്‍ പൂര്‍ണമായും സൗജന്യമായാണ് ചികിത്സിച്ചതെന്നും കഴിക്കാനുള്ള മരുന്നുകളും സൗജന്യമായി നല്‍കിയെന്നും ഹരി പറഞ്ഞു.

ബന്ദിനിയുടെ അവസ്ഥ അത്രയും മോശമായിരുന്നു. എത്രയും പെട്ടെന്ന് സര്‍ജറി നടത്തുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. ‌സൈക്കിളിന്റെ വാടക നല്‍കിയതും സര്‍ജറിക്ക് നേതൃത്വം നല്‍കിയതും ഡോക്ടര്‍ എന്‍. സിംഗ് ആണ്. ചികിത്സ ലഭിക്കാതെയാണ് തന്‍റെ അച്ഛന്‍ മരിച്ചതെന്നും ആര്‍ക്കും ചികിത്സ നിഷേധിക്കുകയില്ലെന്ന് അമ്മയ്ക്ക് അന്ന് നല്‍കിയ വാക്കാണെന്നും ഡോക്ടര്‍ സിംഗ് പറഞ്ഞു.

click me!