
ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ(ബിഎംടിസി) ഇലക്ട്രിക് ബസ് മറ്റൊരു ഇലക്ട്രിക് ബസിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ഡ്രൈവർക്കും അഞ്ച് യാത്രക്കാർക്കും പരിക്കേറ്റു. ശനിയാഴ്ച രാവിലെ എട്ടരയോടെ ബെംഗളൂരു കെആർ സർക്കിൾ ട്രാഫിക് സിഗ്നലിന് സമീപമായിരുന്നു അപകടം.
ടാറ്റ സ്മാർട്ട് മൊബിലിറ്റി ഓപ്പറേറ്റ് ചെയ്യുന്ന ഇലക്ട്രിക് ബസാണ് സിഗ്നൽ കാത്തുകിടന്നിരുന്ന ഒഎച്ച്എം മൊബിലിറ്റിയുടെ വായു വജ്ര ബസിന് പിറകിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ ടാറ്റ സ്മാർട്ട് മൊബിലിറ്റിയുടെ ബസിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ സെയ്ന്റ് മാർത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
അപകടത്തെത്തുടർന്ന് തിരക്കേറിയ കെആർ സർക്കിൾ ജങ്ഷനിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അപകടത്തിൽപ്പെട്ട ബസുകൾ ക്രെയിൻ ഉപയോഗിച്ച് സ്ഥലത്തുനിന്ന് മാറ്റിയതോടെയാണ് ഗതാഗതക്കുരുക്ക് കുറഞ്ഞത്. ഗതാഗത മന്ത്രി ബൈരാതി സുരേഷും ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു.
അപകടത്തിൽപ്പെട്ട രണ്ട് ഇലക്ട്രിക് ബസുകളും ബിഎംടിസിയ്ക്ക് കീഴിൽ കരാർ വ്യവസ്ഥയിൽ സർവീസ് നടത്തുന്ന സ്വകാര്യകമ്പനികളുടെ ബസുകളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam