12 മണിക്കൂർ കാറില്‍ നഗരം ചുറ്റി, അമ്മയുടെ ലിവിൻ പാട്ന‌ർ ആറുവയസുകാരിയോട് ചെയ്തത് കൊടും ക്രൂരത, കാറില്‍ ഐസ്ക്രീം വീഴ്ത്തിയതിന് കൊല

Published : Jun 12, 2026, 08:52 AM IST
bengaluru woman and live in partner arrested for killing six year old girl

Synopsis

കാറിനുള്ളിൽ ഐസ്ക്രീം വീഴ്ത്തിയെന്ന കാരണത്താൽ ആറ് വയസ്സുകാരിയെ അമ്മയും കാമുകനും ചേർന്ന് ക്രൂരമായി മർദ്ദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി

ബെംഗളൂരു: കാറിനുള്ളിൽ ഐസ്ക്രീം വീഴ്ത്തിയെന്ന കാരണത്താൽ ആറ് വയസ്സുകാരിയെ അമ്മയും കാമുകനും ചേർന്ന് ക്രൂരമായി മർദ്ദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി. ബെംഗളൂരുവിലെ സിഗേഹള്ളി പ്രദേശത്ത് കഴിഞ്ഞ മാർച്ച് 25-നാണ് മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. മാസങ്ങൾ നീണ്ട വിശദമായ അന്വേഷണത്തിനൊടുവിൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുട്ടിയുടെ അമ്മ പ്രിയങ്ക പി, ഇവരുടെ ലിവിൻ പങ്കാളിയും റിയൽ എസ്റ്റേറ്റ് വ്യാപാരിയുമായ മോഹൻ ജെ. മഹാനിംഗപ്പ എന്നിവരാണ് അറസ്റ്റിലായത്.

പൊലീസ് നൽകുന്ന വിവരമനുസരിച്ച്, മാർച്ച് 24-ന് രാത്രി ഇവർ കാറിൽ യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവങ്ങളുടെ തുടക്കം. കാറിനുള്ളിൽ വെച്ച് കുട്ടി ഐസ്ക്രീം അബദ്ധത്തിൽ തറയിൽ വീഴ്ത്തി. ഇതിൽ പ്രകോപിതനായ മോഹൻ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കുട്ടിയുടെ വയറ്റിൽ ഇയാൾ കൈമുട്ട് കൊണ്ട് ശക്തമായി ഇടിച്ചു. വേദനകൊണ്ട് കുട്ടി ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങിയതോടെ മോഹൻ കുട്ടിയുടെ വായയും മൂക്കും അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. മർദ്ദനമേറ്റും ശ്വാസം കിട്ടാതെയുമാണ് കുട്ടി മരണപ്പെട്ടത്. ഇവർ 12 മണിക്കൂർ മൃതദേഹവുമായി നഗരം ചുറ്റി.

കുട്ടി മരിച്ച വിവരം പുറത്തറിയാതിരിക്കാൻ പ്രതികൾ വൻ നാടകമാണ് നടത്തിയത്. മൃതദേഹവുമായി ഇവർ ഏകദേശം 12 മണിക്കൂറോളം ബെംഗളൂരു നഗരത്തിലൂടെ കാറോടിച്ച് നടന്നു. പിന്നീട് ഇതൊരു പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നമായി ചിത്രീകരിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിക്ക് അസുഖം ബാധിച്ചതാണെന്ന് വരുത്തിത്തീർക്കാൻ ഇവർ ശ്രമിച്ചെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെയും ഫോറൻസിക് പരിശോധനയിലെയും കണ്ടെത്തലുകൾ പൊലീസിന് സംശയമുണ്ടാക്കി.

ദാമ്പത്യ തർക്കങ്ങളെ തുടർന്ന് പ്രിയങ്ക തന്റെ ആദ്യ ഭർത്താവ് പ്രവീൺ ബസപ്പയുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. കോളേജ് സുഹൃത്തായ, രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ മോഹനുമായി പ്രിയങ്ക ബെംഗളൂരുവിലെ ആഡംബര വില്ലയിൽ ഒന്നിച്ചായിരുന്നു താമസം. പ്രിയങ്കയുടെ മൂത്ത മകൾ പിതാവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. തങ്ങളുടെ ബന്ധത്തിനും ഐവിഎഫ് വഴി പുതിയൊരു കുഞ്ഞിനെ സ്വീകരിക്കാനുള്ള പദ്ധതികൾക്കും ഈ ആറുവയസ്സുകാരി തടസ്സമാണെന്ന് പ്രതികൾ കരുതിയിരുന്നതായി കുട്ടിയുടെ പിതാവ് പ്രവീൺ നൽകിയ പരാതിയിൽ പറയുന്നു. കുട്ടി മുൻപും ഇവരിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ നേരിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം.

കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ പിതാവ് പ്രവീൺ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് യുകെയിലുള്ള തന്റെ ബന്ധുവായ ശിശുരോഗ വിദഗ്ദ്ധന് അയച്ചുകൊടുത്തു. റിപ്പോർട്ട് പരിശോധിച്ച ഡോക്ടർ കുട്ടി ക്രൂരമായി മർദ്ദിക്കപ്പെട്ടിട്ടുണ്ടെന്നും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും സ്ഥിരീകരിച്ചു. തുടർന്ന് ജൂൺ 4-ന് പ്രവീൺ നൽകിയ ഔദ്യോഗിക പരാതിയിലാണ് പൊലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തത്. പ്രതിയായ മോഹനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവിലായിരുന്ന പ്രിയങ്കയെ കഴിഞ്ഞ ദിവസം ഹാസൻ ജില്ലയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഹമ്മദാബാദ് വിമാന ദുരന്തത്തിന് ഒരു വർഷം: രക്ഷപ്പെട്ട ഏക യാത്രക്കാരൻ വിശ്വാസ് കുമാർ രമേഷ് ഇപ്പോഴും കടുത്ത മനോവിഷമത്തിൽ
പൊലീസ് വന്ന് വാതിൽ തുറന്നതും യുവതി നാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടി, മരിച്ചു; മുറിക്കകത്ത് വൻ മയക്കുമരുന്ന് ലാബ്!