
ദില്ലിl: രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ ജനപ്രീതിയിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് അഞ്ചാം സ്ഥാനം. ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേയിലാണ് പിണറായി വിജയൻ ആദ്യ അഞ്ചിൽ ഇടം നേടിയത്. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് ആണ് സർവേയിൽ ആദ്യ സ്ഥാനത്തുള്ളത്. 71 ശതമാനം പേരാണ് നവീൻ പട്നായികിന്റെ ഭരണത്തെ പിന്തുണച്ചത്.
പശ്ചിമ ബംഗാളിന്റെ ദീദി മമത ബാനർജിയാണ് രണ്ടാമത് എത്തിയത്. 69.9 ശതമാനം പേരുടെ പിന്തുണയാണ് മമതയ്ക്ക് ലഭിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മൂന്നാമതും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നാലാമതും എത്തി. 67.5 ശതമാനത്തിന്റെ പിന്തുണ സ്റ്റാലിന് ലഭിച്ചപ്പോൾ ഉദ്ധവിന് 61.8 ശതമാനത്തിന്റെ അംഗീകാരമാണ് നേടാനായത്. 61.1 ശതമാനത്തിന്റെ പിന്തുണ നേടിയാണ് കേരളത്തിന്റെ മുഖ്യൻ പിണറായി വിജയൻ ആദ്യ അഞ്ചിൽ നിലയുറപ്പിച്ചത്. പിണറായി വിജയന് പിന്നിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളാണ് ഉള്ളത്.
57.9 ശതമാനം പേരുടെ പിന്തുണ രാജ്യതലസ്ഥാനത്തിന്റെ മുഖ്യന് ലഭിച്ചു. പിന്നാലെ 56.6 ശതമാനം പിന്തുണ നേടി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും 51.4 ശതമാനവുമായി ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ആണ് ഉള്ളത്. ഇന്ത്യാ ടുഡേ ഗ്രൂപ്പ്-കാര്‍വി ഇന്‍സൈറ്റ്‌സ് മൂഡ് ഓഫ് ദി നേഷന്‍ കഴിഞ്ഞ വർഷം ജനുവരിയിൽ സംഘടിപ്പിച്ച വോട്ടെടുപ്പിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മുഖ്യമന്ത്രിയായത് നവീൻ പട്നായിക് തന്നെയാണ്.
അടങ്ങാതെ ഛന്നിയും സിദ്ദുവും; പഞ്ചാബ് സ്ഥാനാർത്ഥി പട്ടിക പ്രതിസന്ധിയിൽ; അനുനയിപ്പിക്കാൻ കെസി
അമൃത്സർ: നേതാക്കൾ തമ്മിലുള്ള തർക്കം കാരണം പഞ്ചാബിൽ കോൺഗ്രസിലെ രണ്ടാം സ്ഥാനാർത്ഥി പട്ടിക പ്രതിസന്ധിയിൽ. 31 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കെ സി വേണുഗോപാൽ അടങ്ങുന്ന പ്രത്യേക സമിതിയെ ഹൈക്കമാൻഡ് നിയോഗിച്ചു. പാർട്ടി കനത്ത വെല്ലുവിളി നേരിടുന്ന തെരഞ്ഞെടുപ്പിൽ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചെങ്കിലും രണ്ടാം ഘട്ട പട്ടികയിൽ സമാവായത്തിലെത്താൻ പഞ്ചാബിലെ കോൺഗ്രസിനായിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് സമിതിയിൽ മുഖ്യമന്ത്രി ചരൺജിത്ത് ഛന്നിയും നവജ്യോത് സിങ്ങ് സിദ്ദുവും തമ്മിൽ വലിയ തർക്കം നടന്നതായാണ് റിപ്പോർട്ട് .
ഇതോടെ ചർച്ച തീരുമാനാകാതെ പിരിഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ വിഷയത്തിലും ഛന്നി രണ്ടാം സീറ്റിൽ മത്സരിക്കുന്ന കാര്യത്തിലും ഭിന്നതയുണ്ട്. എന്നാൽ, ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ ഭൂരിപക്ഷം വരുന്ന മറ്റു സിഖ് സമുദായങ്ങൾ പിണങ്ങുമോ എന്ന ഭയമാണ് കോൺഗ്രസിനുള്ളത്. ഇതിനാൽ കൂട്ടായ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് എന്ന നിലാപാടാണ് ഹൈക്കമാൻഡിന്.