'പനിക്ക് മരുന്ന് കൊടുത്ത് വാക്സിൻ പരീക്ഷിച്ചിട്ടില്ല'; കൊമ്പ് കോർത്ത് വാക്സിൻ നിർമ്മാണ കമ്പനികൾ

By Web TeamFirst Published Jan 5, 2021, 9:44 AM IST
Highlights

ഫൈസ‍ർ,മൊഡേണ, കൊവിഷിൽഡ് എന്നിവ മാത്രമാണ് നിലവിൽ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ച സുരക്ഷിതമായ വാക്സിനുകളെന്നും മറ്റുള്ളവയെല്ലാം വെറും വെള്ളം മാത്രമാണെന്നും നേരത്തെ സെറം ഇൻസിറ്റ്യൂട്ട് മേധാവി അദ‍ർ പൂനാവല ഒരു ടെലിവിഷൻ പരിപാടിയിൽ പരിഹസിച്ചിരുന്നു. 
 

ദില്ലി: കൊവിഡ് പ്രതിരോധ വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതിന് പിന്നാലെ വാക്സിൻ കമ്പനികൾ തമ്മിൽ ഏറ്റുമുട്ടൽ. കൊവിഷിൽഡ് വാക്സിൻ്റെ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടും ഓഫ് ഇന്ത്യയും കൊവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കും തമ്മിലാണ് കലഹം. 

വാക്സിൻ്റെ വിജയസാധ്യത കൃത്യമായി പ്രസിദ്ധീകരിക്കും മുൻപ് കൊവാക്സിന് അനുമതി നൽകിയ നടപടി ചോദ്യം ചെയ്ത് കോൺ​ഗ്രസ് നേതാക്കളായ ശശി തരൂരും ജയറാം രമേശും രം​ഗത്തു വന്ന സാഹചര്യത്തിലാണ് ഇരുകമ്പനികളും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായത്. കേന്ദ്രസ‍ർക്കാർ സ്ഥാപനമായ ഐസിഎംആറും പൂണെ ആസ്ഥനമായ ദേശീയ വൈറസ് ഇൻസ്റ്റിറ്റ്യൂട്ടും ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കും ചേ‍ർന്നാണ് കൊവാക്സിൻ നി‍ർമ്മിച്ചത്. 

വാക്സിൻ്റെ കാര്യക്ഷമതയ്ക്ക് നേരെ ആരോപണം ഉയ‍ർന്നതോടെ വിമ‍ർശകർക്ക് ശക്തമായ മറുപടിയുമായി ഭാരത് ബയോടെക്ക് എംഡി കൃഷ്ണ ഇല തന്നെ നേരിട്ട് രം​ഗത്തു വന്നിരുന്നു. ഏറ്റവും ആദ്യം കൊവിഡ് വാക്സിൻ വികസിപ്പിച്ച് ഉപയോ​ഗ അനുമതി നേടിയ അമേരിക്കൻ കമ്പനിയായ ഫൈസറിനോളം മികവുള്ള കമ്പനിയാണ് ഭാരത് ബയോടെക്കെന്നും ആ​ഗോളനിലവാരത്തിൽ 15ഓളം വാക്സിനുകളും അസംഖ്യം മരുന്നുകളും തങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നും കൃഷ്ണ ഇല അവകാശപ്പെട്ടിരുന്നു. 

കൊവിഡ് ഷിൽഡ് നി‍ർമ്മാതാക്കളായ അസ്ട്രാസെനെക്ക - ഓക്സ്ഫ‍ർഡ് - സെറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർക്കെതിരെയും രൂക്ഷവിമ‍ർശനമാണ് കൃഷ്ണ ഇല നടത്തിയത്. അസ്ട്രസെനെക്കയെ പോലെയാണ് കൊവിഡ് വാക്സിൻ പരീക്ഷിച്ചിരുന്നതെങ്കിൽ ഇന്ത്യൻ നിയമം അനുസരിച്ച് തങ്ങളുടെ കമ്പനി ഇതിനോടകം പൂട്ടിപ്പോയേനെയെന്നും കൃഷ്ണ ഇല പരിഹസിച്ചു. വാക്സിൻ പരീക്ഷണത്തിന് വന്ന വളണ്ടിയ‍‍ർമാർക്ക് ആദ്യം പാരസെറ്റാമോൾ ​ഗുളിക കൊടുത്ത ശേഷമാണ് കൊവിഷിൽഡ് വാക്സിൻ നൽകിയതെന്നും കൃഷ്ണ ഇല പരിഹസിച്ചു. 

ഫൈസ‍ർ,മൊഡേണ, കൊവിഷിൽഡ് എന്നിവ മാത്രമാണ് നിലവിൽ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ച സുരക്ഷിതമായ വാക്സിനുകളെന്നും മറ്റുള്ളവയെല്ലാം വെറും വെള്ളം മാത്രമാണെന്നും നേരത്തെ സെറം ഇൻസിറ്റ്യൂട്ട് മേധാവി അദ‍ർ പൂനാവല ഒരു ടെലിവിഷൻ പരിപാടിയിൽ പരിഹസിച്ചിരുന്നു. 

click me!