ഭാരത് ജോഡോ യാത്ര നാളെ പുനരാരംഭിക്കും, സുരക്ഷയില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ജമ്മുകശ്മീര്‍ പൊലീസ്

By Web TeamFirst Published Jan 27, 2023, 8:37 PM IST
Highlights

15 കമ്പനി സിഎപിഎഫിനെയും, 10 കമ്പനി ജമ്മു കശ്മീർ പൊലീസിനെയും വിന്യസിച്ചിരുന്നു. യാത്ര നിർത്തുന്നതിന് മുൻപ് പൊലീസിനോട് ചർച്ച ചെയ്തില്ലെന്നും വിശദീകരണം.

ദില്ലി: ഭാരത് ജോഡോ യാത്ര നാളെ രാവിലെ ഒൻപത് മണിക്ക് അനന്ത്നാഗില്‍ നിന്ന്
പുനരാരംഭിക്കുമെന്ന് കോൺഗ്രസ്. കശ്മീരിലേക്ക് പ്രവേശിക്കവേ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇന്നത്തെ യാത്ര കോണ്‍ഗ്രസ് നിര്‍ത്തിവെച്ചത്. എന്നാല്‍ സുരക്ഷാ വീഴ്ചയെന്ന കോണ്‍ഗ്രസിന്‍റെ ആരോപണം നിഷേധിച്ച് ജമ്മുകശ്മീര്‍ പൊലീസ് രംഗത്തെത്തി. സുരക്ഷയിൽ വീഴ്ചയുണ്ടായിട്ടില്ല. 15 കമ്പനി സിആര്‍പിഎഫിനെയും, 10 കമ്പനി ജമ്മു കശ്മീർ പൊലീസിനെയും വിന്യസിച്ചിരുന്നെന്നാണ് പൊലീസ് വിശദീകരണം. വലിയ ആൾക്കൂട്ടത്തെ യാത്രയിൽ ഉൾപ്പെടുത്തി. എന്നാല്‍ മുൻകൂട്ടി വിവരം പൊലീസിനെ അറിയിച്ചില്ല. യാത്ര നിർത്തുന്നതിന് മുൻപ് പൊലീസിനോട് ചർച്ച ചെയ്തില്ലെന്നും ജമ്മുകശ്മീര്‍ പൊലീസ് പറയുന്നു.

കശ്മീരിലേക്ക് കടക്കുമ്പോള്‍ കടുത്ത ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കിയ സുരക്ഷാസേന പാതിവഴിയില്‍ രാഹുലിനെ ഉപേക്ഷിച്ചെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്. ബനിഹാളില്‍ നിന്ന് അനന്ത് നാഗിലേക്കുള്ള യാത്ര തുടങ്ങി ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായത്. ബനിഹാള്‍ തുരങ്കം പിന്നിട്ടതോടെ വലിയ ആള്‍ക്കൂട്ടം രാഹുലിന്‍റെ അടുത്തേക്ക് എത്തി. അവരെ നിയന്ത്രിക്കേണ്ട പൊലീസ് പെട്ടെന്ന് മാറിക്കളഞ്ഞെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 

സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങിയതോടെ തടിച്ച് കൂടിയ ജനക്കൂട്ടത്തിന് നടുവില്‍ അര മണിക്കൂറോളം നേരം രാഹുല്‍ ഗാന്ധിക്ക് അനങ്ങാനായില്ല. ജനക്കൂട്ടത്തിന് നടുവില്‍പ്പെട്ട രാഹുല്‍ ഗാന്ധിക്ക് മുന്നോട്ട് നീങ്ങാനായില്ല. അര മണിക്കൂറോളം നേരം അങ്ങനെ നില്‍ക്കേണ്ടി വന്നു. രാഹുലിന്‍റെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കാന്‍ നന്നേ പാടുപെടേണ്ടി വന്നു. ഏറെ കഷ്ടപ്പെട്ടാണ് രാഹുല്‍ ഗാന്ധിയെ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഏറെ സുരക്ഷ ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്ത് ആരുടെ നിര്‍ദ്ദേശപ്രകാരമാണ് സുരക്ഷ സേന പിന്മാറിയതെന്നായണ് കോണ്‍ഗ്രസ് ചോദ്യം. 

click me!