'ആരോഗ്യം മോശമാണ്', ചികിത്സ തേടി ഹർജി നൽകി ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്

By Web TeamFirst Published Jan 6, 2020, 11:59 PM IST
Highlights

രക്തം കട്ടപിടിക്കുന്ന പോളിസൈത്തീമിയ എന്ന രോഗം തനിക്കുണ്ടെന്നും എയിംസിൽ നിന്ന് തുടർച്ചയായി ചികിത്സ തേടി വരികയാണെന്നും ഇടവേളകളിൽ തുടർച്ചയായി രക്തം മാറ്റുകയാണ് ചെയ്യാറെന്നും, ഇത് നിഷേധിക്കുകയാണ് ജയിലധികൃതരെന്നും ഹർജിയിൽ ആസാദ്.

ദില്ലി: ദരിയാഗഞ്ചിൽ നടന്ന അക്രമങ്ങളിൽ ഉത്തരവാദിത്തമുണ്ടെന്ന് ആരോപിച്ച് ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് ചികിത്സ തേടി കോടതിയെ സമീപിച്ചു. ദില്ലിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സ തേടാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. 

രക്തം കട്ടപിടിക്കുന്ന പോളിസൈത്തീമിയ എന്ന രോഗം തനിക്കുണ്ടെന്നും എയിംസിൽ നിന്ന് തുടർച്ചയായി ചികിത്സ തേടി വരികയാണെന്നും ഇടവേളകളിൽ തുടർച്ചയായി രക്തം മാറ്റുകയാണ് ചെയ്യാറെന്നും, ഇത് നിഷേധിക്കുകയാണ് ജയിലധികൃതരെന്നും ഹർജിയിൽ ആസാദ് ചൂണ്ടിക്കാട്ടുന്നു. ''തുടർച്ചയായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു ആസാദ്. മാസങ്ങളായി ദില്ലി എയിംസിലെ ഡോക്ടർമാരാണ് ആസാദിനെ ചികിത്സിക്കുന്നത്. ആസാദിന്‍റെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാർക്ക് വ്യക്തമായി പറയാനാകും. അവരിൽ നിന്ന് കോടതിയ്ക്ക് വിവരങ്ങൾ തേടാവുന്നതാണ്'', ഹർജിയിൽ പറയുന്നത്.

അടിയന്തരമായി ആസാദിന് ചികിത്സ നൽകിയില്ലെങ്കിൽ അത് ഹൃദയാഘാതത്തിന് വഴിവച്ചേക്കാമെന്ന് ഡോക്ടർമാർ റിപ്പോർട്ട് ചെയ്തതും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

Read more at: രക്തം മാറ്റിയില്ല; ചന്ദ്രശേഖർ ആസാദിനെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് കൊണ്ടുപോയി

ചൊവ്വാഴ്ച തന്നെ ഹർജി ദില്ലി കോടതി പരിഗണിക്കാനാണ് സാധ്യത. ദില്ലി സർക്കാരിനോട് ആസാദിന് കൃത്യമായി ചികിത്സ നൽകാൻ നിർദേശിക്കണമെന്നും, അതിന് ജയിലധികൃതർ സഹകരിക്കണമെന്ന് ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഡിസംബർ 21-നാണ് ഭീം ആർമി തലവനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ആസാദിന്‍റെ സംഘടനയായ ഭീം ആർമി ജമാ മസ്ജിദിൽ നിന്ന് ജന്തർ മന്ദറിലേക്ക് നടത്തിയ മാർച്ചിന് പൊലീസിന്‍റെ അനുമതിയില്ലായിരുന്നു എന്നാണ് ആസാദിന് നേരെ ചുമത്തിയിരിക്കുന്ന ഒരു കുറ്റം. ഭീം ആർമി പ്രവർത്തകരെയടക്കം ദില്ലി ഗേറ്റിനടുത്തു വച്ച്, പൊലീസും അർദ്ധസൈനികവിഭാഗവും ത‍ടഞ്ഞിരുന്നു. ഇതിന് പിന്നാലെ സ്ഥലത്ത് നടന്നത് വലിയ അക്രമമാണ്. സ്ഥലത്ത് ഒരു കാർ കത്തിക്കപ്പെട്ടു. പല വാഹനങ്ങളും ആക്രമിക്കപ്പെട്ടു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി, ജലപീരങ്കി പ്രയോഗിച്ചു. കണ്ണീർവാതകവും പ്രയോഗിച്ചു.

ഇതേത്തുടർന്നാണ് ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ച്, കലാപത്തിന് ആഹ്വാനം ചെയ്തുവെന്നും, അക്രമം അഴിച്ചുവിട്ടെന്നും ആരോപിച്ച് ചന്ദ്രശേഖർ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തതും തിഹാർ ജയിലിലാക്കിയതും.

ഇവിടെ വച്ച് ആസാദിന് പതിവ് ചികിത്സ പോലും നിഷേധിക്കപ്പെടുകയാണെന്ന് ആരോപണമുയർന്നിരുന്നു. തുടർച്ചയായി, ഡോക്ടർമാരെ കണ്ടിരുന്ന ആസാദിന് ചികിത്സാസഹായം ലഭിച്ചില്ല. ആസാദിന് കൃത്യമായി ഭക്ഷണമോ വെള്ളമോ ജയിലിൽ കിട്ടുന്നില്ലെന്നും, ജയിലിൽ ക്രൂരപീഡനമാണ് നേരിടുന്നതെന്നും ഭീം ആർമി ആരോപിച്ചു. TreatmentForAzad എന്ന ഹാഷ് ടാഗ് ക്യാംപെയ്‍നും തുടങ്ങി. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയടക്കം നിരവധി നേതാക്കളും ഈ ആവശ്യത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. 

click me!