ദില്ലിയിൽ ബിജെപി തകർന്നടിയും, 'ആപ് കാ സർക്കാർ' മിന്നും ജയം നേടും: അഭിപ്രായ സർവേ

Web Desk   | Asianet News
Published : Jan 06, 2020, 09:27 PM IST
ദില്ലിയിൽ ബിജെപി തകർന്നടിയും, 'ആപ് കാ സർക്കാർ' മിന്നും ജയം നേടും: അഭിപ്രായ സർവേ

Synopsis

2015-ൽ ഒരു വാലന്‍റൈൻസ് ദിനത്തിലാണ് ദില്ലിയിൽ വീണ്ടും അരവിന്ദ് കെജ്‍രിവാൾ, രാഷ്ട്രീയ നിരീക്ഷകരെപ്പോലും ഞെട്ടിച്ച് മൃഗീയ ഭൂരിപക്ഷമായ 70-ൽ 67 സീറ്റുകൾ നേടി അധികാരത്തിലെത്തിയത്. ആ 'മാജിക്' ആവർത്തിക്കുമോ കെജ്‍രിവാൾ?

ദില്ലി: വീണ്ടും ദില്ലിയിൽ ആം ആദ്മി പാർട്ടി സർക്കാരെന്ന് അഭിപ്രായ സർവേ. എബിപി ന്യൂസും സി വോട്ടറും ചേർന്ന് നടത്തിയ അഭിപ്രായ സ‍ർവേയാണ് അരവിന്ദ് കെജ്‍രിവാൾ നേതൃത്വം നൽകുന്ന ആം ആദ്മി പാർട്ടി സർക്കാർ അധികാരത്തിലേക്ക് മികച്ച ഭൂരിപക്ഷത്തോടെ തന്നെ തിരികെ വരുമെന്ന് പ്രവചിക്കുന്നത്. ആം ആദ്മി പാർട്ടി 59 സീറ്റുകളുമായി മിന്നും ജയത്തോടെ അധികാരത്തിലേക്ക് തിരിച്ചെത്തും. ബിജെപിക്ക് വെറും എട്ട് സീറ്റ് മാത്രമേ കിട്ടൂ എന്നാണ് സർവേ പറയുന്നത്. ആം ആദ്മി പാർട്ടിക്ക് മുമ്പ് വർഷങ്ങളോളം ദില്ലി ഭരിച്ച കോൺഗ്രസിന് വെറും മൂന്ന് സീറ്റേ ലഭിക്കൂ എന്നും സർവേ പറയുന്നു. 

ഫെബ്രുവരി എട്ടിനാണ് ദില്ലിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11-ന് ഫലം അറിയാം. 1.46 കോടി വോട്ടർമാരാണ് ജനവിധിയെഴുതുന്നത്. 

മഹാരാഷ്ട്രയ്ക്കും ജാർഖണ്ഡിനും പുറമേ, ദില്ലിയിലും ബിജെപിക്ക് അടിതെറ്റുമെന്നാണ് അഭിപ്രായ സർവേ വ്യക്തമാക്കുന്നത്. 2015-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും മൂന്ന് സീറ്റുകൾ മാത്രം കിട്ടി തകർന്നടിഞ്ഞിരുന്നു ബിജെപി. അതും മോദി തരംഗം കത്തി നിൽക്കുന്നുവെന്ന് കരുതുന്ന കാലത്ത് തന്നെ. അന്ന് കോൺഗ്രസിന് ഒരു സീറ്റും കിട്ടിയില്ല. എന്നാലിത്തവണ മൂന്നിൽ നിന്ന് എട്ട് സീറ്റുകളിലേക്ക് ബിജെപി വളരുമെന്നാണ് സർവേ പറയുന്നത്. കോൺഗ്രസിനും അൽപം ആശ്വാസം കിട്ടിയേക്കാം. മൂന്ന് സീറ്റുകൾ കിട്ടും.

എന്നാൽ വോട്ട് വിഹിതത്തിൽ ആം ആദ്മി പാർട്ടി വൻ നേട്ടം കൊയ്യുമെന്നാണ് സർവേ പറയുന്നത്. ആം ആദ്മി പാർട്ടിക്ക് 53 ശതമാനം വോട്ട് കിട്ടും. ബിജെപിക്ക് വെറും 26 ശതമാനം മാത്രമേ കിട്ടൂ. കോൺഗ്രസിനാകട്ടെ അഞ്ച് ശതമാനം മാത്രം.

ജനുവരി ഒന്നാം വാരം, തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് തൊട്ടുമുമ്പ് വരെയാണ് എബിപി ന്യൂസും സി വോട്ടറും ചേർന്ന് സർവേ നടത്തിയതെന്നാണ് അവർ വ്യക്തമാക്കുന്നത്. 13,076 പേരിൽ നിന്നാണ് അഭിപ്രായം തേടിയത്. 

മുഖ്യമന്ത്രി - പ്രിയപ്പെട്ട കെജ്‍രിവാൾ

ബ്രാൻഡ് കെജ്‍രിവാളിന് ഇപ്പോഴും ദില്ലിയിൽ നല്ല പ്രതിച്ഛായ തന്നെയാണുള്ളതെന്ന് സർവേ പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യം ദില്ലിക്കാർക്ക് പ്രിയം കെജ്‍രിവാളിനെ തന്നെയാണ്. ചില്ലറയല്ല ഭൂരിപക്ഷം. എഴുപത് ശതമാനം പേരാണ് കെജ്‍രിവാളിനെ പിന്തുണക്കുന്നത്. ബിജെപിയുടെ ഡോ. ഹർഷ് വർദ്ധന് വെറും 11 ശതമാനം മാത്രമാണ് പിന്തുണ.

പ്രധാനമന്ത്രിയായി മോദി തന്നെ

എന്നാൽ ദേശീയ തലത്തിൽ ദില്ലിക്കാർ പിന്തുണയ്ക്കുന്നത് മോദിയെയാണെന്ന് സർവേ വ്യക്തമാക്കുന്നു. 62 ശതമാനം പേർ പ്രധാനമന്ത്രിയായി മോദി തന്നെയാണ് വേണ്ടതെന്ന് കരുതുന്നു. 12 ശതമാനം പേരുടെ പിന്തുണ മാത്രമേ കെജ്‍രിവാളിന് പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ളൂ. എട്ട് ശതമാനം പേർ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് കരുതുന്നു. 

67 ശതമാനം പേരും ദില്ലിയിൽ ആം ആദ്മി പാർട്ടി തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് വിശ്വസിക്കുന്നു. 19 ശതമാനം പേർ ബിജെപി ജയിക്കുമെന്ന് കരുതുന്നു. മൂന്ന് ശതമാനം പേർ മാത്രമേ, കോൺഗ്രസ് വിജയിക്കുമെന്ന് കരുതുന്നുള്ളൂ. 

ബിജെപിക്ക് നിർണായകം ഈ തെരഞ്ഞെടുപ്പ്

പൗരത്വ പ്രക്ഷോഭങ്ങളുടെ കാലത്ത് ബിജെപിക്ക് ഈ തെരഞ്ഞെടുപ്പ് കയ്യിൽ നിന്ന് പോകുന്നത് വലിയ തിരിച്ചടിയുണ്ടാക്കും. രാജ്യതലസ്ഥാനത്ത് തന്നെ, പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകുക വഴി ആം ആദ്മി പാർട്ടിയും കോൺഗ്രസും അരാജകത്വം അഴിച്ചുവിടുകയാണെന്നാണ് ബിജെപിയുടെ ആരോപണം. ദേശീയ വിഷയങ്ങളിൽ ദില്ലിയിൽ നിർണായകമാവാൻ പോകുന്നത് ഇത് തന്നെയാകും.

എന്നാൽ, ആം ആദ്മി പാർട്ടിക്ക് തുണയാകുക, പാവപ്പെട്ടവനൊപ്പം നിന്ന് നടത്തിയ പല തീരുമാനങ്ങളുമാണ്. അനധികൃത കോളനികളെ അംഗീകരിക്കൽ, സ്ത്രീ സുരക്ഷാ പദ്ധതികൾ, ചേരികളുടെ നവീകരണം, വൈദ്യുതി നിരക്കുകൾ കുത്തനെ കുറച്ചതും സ്വകാര്യവത്കരണം ഒഴിവാക്കിയതും, കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ, കക്കൂസ് മാലിന്യം നീക്കം ചെയ്യാനുള്ള യന്ത്രങ്ങൾ കൊണ്ടുവരിക വഴി മാലിന്യം നീക്കം ചെയ്യാൻ മനുഷ്യരെ ഉപയോഗിക്കുന്നത് തടഞ്ഞത്, കുറഞ്ഞ ചിലവിൽ ചികിത്സ ഉറപ്പാക്കുന്ന മൊഹല്ല ക്ലിനിക്കുകൾ തുടങ്ങിയത് - അങ്ങനെ നിരവധി തീരുമാനങ്ങൾ. 

മാത്രമല്ല, ഇത്തവണ തെരഞ്ഞെടുപ്പിൽ യുവാക്കളെ ആകർഷിക്കാനും വിപുലമായ പദ്ധതികളാണ് ആം ആദ്മി പാർട്ടി ഒരുക്കുന്നത്. സഹായം നൽകുന്നതാകട്ടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്‍റെ ഐ-പാക് എന്ന കമ്പനിയും. 
 

PREV
click me!

Recommended Stories

'ഔദാര്യം വേണ്ട, ഞങ്ങൾ സ്വന്തം നിലയിൽ നടത്തും': തൊഴിലുറപ്പിലെ കേന്ദ്ര സർക്കുലർ കീറിയെറിഞ്ഞ് മമത ബാനർജി
ബസിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയ പ്ലസ് ടു വിദ്യാർത്ഥിയെ മയക്കുമരുന്ന് കേസിൽ കുടുക്കി: സിസിടിവി ദൃശ്യം പുറത്തുവന്നതോടെ നാണംകെട്ട് മധ്യപ്രദേശ് പൊലീസ്