
ദില്ലി: ഭീമാ കൊറേഗാവ് കേസിൽ വിചാരണ തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകന്‍ ഗൗതം നവ്‌ലാഖയെ വീട്ടു തടങ്കലിലേക്ക് മാറ്റുന്ന കാര്യം സുപ്രീംകോടതി പരിഗണിക്കുന്നു. ആരോഗ്യനില കണക്കിലെടുത്ത് അദ്ദേഹത്തെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ഹർജിയിൽ സുപ്രീംകോടതി നാളെ അന്തിമ വിധി പറയും.
സാമൂഹിക പ്രവർത്തകനായ ഗൗതം നവ്‌ലാഖയ്ക്ക് വീട്ടുതടങ്കൽ അനുവദിച്ചാൽ എന്തൊക്കെ ഉപാധികളാണ് ഏർപ്പെടുത്തേണ്ടതെന്ന് കോടതിയിൽ അറിയിക്കാൻ എൻഐഎയോട് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. 73 കാരനായ നവ്‌ലാഖ 2018 ഓഗസ്റ്റിൽ മുതൽ ജയിലിൽ കഴിയുകയാണ്. "ഈ കോടതി വീട്ടുതടങ്കലിനെ കസ്റ്റഡിയായി കണക്കാക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം മികച്ച അവസ്ഥയിലല്ല" സുപ്രീം കോടതി ഇന്ന് പറഞ്ഞു. നവ്‌ലാഖയ്ക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ അന്വേഷണ ഏജൻസി കണ്ടെത്തിയ തെളിവുകൾ പരിശോധിച്ച കോടതി, അവയിൽ സംശയവും പ്രകടിപ്പിച്ചു. 70 വയസ്സുള്ള ഒരാളെ യുഎപിഎ അനുസരിച്ച് ശിക്ഷിക്കുന്നതിന് ആധാരമാക്കുന്ന വസ്തുതകൾ ഇവയാണോ. അദ്ദേഹത്തിന് കോടതി ജാമ്യം നൽകുന്നില്ല. നിങ്ങൾക്ക് എന്തൊക്കെ നിയന്ത്രണങ്ങളാണോ വേണ്ടത് അതൊക്കെ ഏർപ്പെടുത്തൂ. രാജ്യത്തെ നശിപ്പിക്കാൻ ഇവർ ശ്രമിക്കുന്നുവെന്ന് കോടതി കരുതുന്നില്ല. ബെഞ്ച് വ്യക്തമാക്കി.
നവ്‌ലാഖ മുംബൈയിലെ ജസ്‌ലോക് ആശുപത്രിയിൽ ചികിത്സയിലാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചതിനെ തുടർന്ന് സുപ്രീം കോടതി നേരത്തെ കേസ് മാറ്റിവച്ചിരുന്നു. ജസ്‌ലോക് ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിക്കാൻ കക്ഷികൾക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. നവ്‌ലാഖയെ ഉടൻ ചികിത്സയ്ക്കായി മുംബൈയിലെ ജസ്‌ലോക് ആശുപത്രിയിലേക്ക് മാറ്റാൻ സെപ്തംബർ 29ന് സുപ്രീം കോടതി തലോജ ജയിൽ സൂപ്രണ്ടിനോട് നിർദ്ദേശിച്ചിരുന്നു. ചികിത്സ ലഭിക്കുന്നത് ഒരു തടവുകാരന്റെ മൗലികാവകാശമാണെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ത്വക്ക് അലർജി, ദന്ത പ്രശ്നങ്ങൾ എന്നിവയടക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾ തനിക്കുണ്ടെന്ന് നവ്‌ലാഖ കോടതിയെ അറിയിച്ചു. ക്യാൻസർ സംശയിക്കുന്നതിനാൽ കൊളോനോസ്കോപ്പിക്ക് വിധേയമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം അറിയിച്ചു. ജയിലിൽ നിന്ന് സഹോദരിയുടെ വീട്ടിലേക്ക് മാറ്റണമെന്ന തന്റെ അപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ഗൗതം നവ്‌ലാഖ സുപ്രീം കോടതിയെ സമീപിച്ചത്.
Read Also: എന്തുകൊണ്ട് പങ്കെടുത്തില്ല, ഇത് ഭരണഘടനയോടുള്ള അവഹേളനം'; പ്രധാനമന്ത്രിക്കെതിരെ സുബ്രഹ്മണ്യൻ സ്വാമി