Latest Videos

ഗുജറാത്തില്‍ തിരിച്ചടികളേറ്റ് കോണ്‍ഗ്രസ്; പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് എംഎല്‍എ, ബിജെപി പാളയത്തില്‍

By Web TeamFirst Published Nov 9, 2022, 6:41 PM IST
Highlights

സൗരാഷ്ട്രയിലെ തലാല മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ബരാഡ് ബിജെപിയില്‍ ചേര്‍ന്നു കഴിഞ്ഞു. സൗരാഷ്ട്ര മേഖലയില്‍ സ്വാധീനമുള്ള അഹിര്‍ സമുദായത്തില്‍ നിന്നുള്ള നേതാവാണ് ബരാഡ്.

അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കേ തിരിച്ചടികളേറ്റ് കോണ്‍ഗ്രസ്. പത്തുതവണ എംഎൽഎയായ ​നേതാവ് മോഹൻസിൻഹ് രത്‍വ പാര്‍ട്ടി വിട്ടതിന് പിന്നാലെ മറ്റൊരു എംഎല്‍എയായ  ഭാഗഭായ് ബരാഡും ഇന്ന് രാജിവച്ചു. സംസ്ഥാനത്ത് തിരിച്ചുവരവ് ആഗ്രഹിക്കുന്ന പാര്‍ട്ടിക്ക് തിരിച്ചടിയായി സിറ്റിംഗ് എംഎൽഎമാരുടെ രാജി തുടരുകയാണ്. ജുനാഗഥ് ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവും എംഎല്‍എയുമാണ് ഭാഗഭായ് ബരാഡ്.

സൗരാഷ്ട്രയിലെ തലാല മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ബരാഡ് ബിജെപിയില്‍ ചേര്‍ന്നു കഴിഞ്ഞു. സൗരാഷ്ട്ര മേഖലയില്‍ സ്വാധീനമുള്ള അഹിര്‍ സമുദായത്തില്‍ നിന്നുള്ള നേതാവാണ് ബരാഡ്. ബിജെപി സ്ഥാനാര്‍ത്ഥിയായി തലാലയില്‍ നിന്ന് ബരാഡ് ഇത്തവണ ജനവിധി തേടുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മത്സരത്തിനിറങ്ങും മുൻപ് തന്നെ പാളയത്തിലെ പട നേരിടേണ്ടി വരുന്നത് ഗുജറാത്തിൽ കോൺഗ്രസിന് തീരാ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. 

ഇന്നലെ ഛോട്ടാ ഉദേപൂരിൽ നിന്ന് 10 തവണ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎ മോഹൻ  സിംഗ് രത്‍വയും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. കോൺഗ്രസും ബിജെപിയും ഇറക്കുമതി കയറ്റുമതി കമ്പനികൾ പോലെയെന്ന് ആംആദ്മി പാർട്ടി പരിഹസിച്ചു. ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പോലും ഇതുവരെ പുറത്ത് വിടാത്ത ബിജെപി ചർച്ചകൾ അവസാനഘട്ടത്തിലെന്നാണ് പറയുന്നത്. ബിജെപിയുടെ സ്ഥാനാർഥി പട്ടിക ഉടൻ പുറത്ത് വരുമെന്നാണ് വിവരം. 

ക്രിക്കറ്റർ രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്ക് സീറ്റ് കിട്ടുമെന്ന് സൂചന. രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബയെ ജാംനഗർ നോർത്തിലേക്കാണ് ബിജെപി പരിഗണിക്കുന്നത്. സിറ്റിംഗ് എംഎൽഎ ധർമേന്ദ്ര ജഡേജ മാറിക്കൊടുക്കേണ്ടി വരും. ഇതുവരെ 132 സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ച ആംആദ്മി പാർട്ടി പരസ്യ പ്രചാരണത്തിൽ മുന്നേറുകയാണ്. രാജ്യസഭാ എംപിയും ക്രിക്കറ്ററുമായ ഹ‍ർഭജൻ സിംഗ്, അരവിന്ദ് കെജ്‍രിവാള്‍, ഭഗവന്ത് മാന്‍ അടക്കം 20 താര പ്രചാരകരുടെ പട്ടികയും പാർട്ടി ഇന്ന് പുറത്തിറക്കി. 

ഗുജറാത്തിൽ പത്ത് തവണ എംഎൽഎയായിരുന്ന കോൺ​ഗ്രസ് നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു

click me!