ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാലാണ് പ്രധാനമന്ത്രി രാഷ്ട്രപതിഭവനിലെത്താഞ്ഞതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നൽകുന്ന വിശദീകരണം. ഇന്ന് ഹിമാചലില്‍ രണ്ടു തെരഞ്ഞെടുപ്പ് റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ മോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചിട്ടുണ്ട്.
ദില്ലി: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനിന്നതിൽ രൂക്ഷവിമർശനവുമായി ബിജെപി നേതാവും മുന്‍ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. പ്രധാനമന്ത്രിയുടെ നടപടി ഭരണഘടനയോടും ഭാരതീയ സംസ്‌കാരത്തോടുമുള്ള അവഹേളനമാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.
'ഇന്ന് രാഷ്ട്രപതിഭവനില്‍ , ചീഫ് ജസ്റ്റിസിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാതിരുന്നത് ഇന്ത്യന്‍ ഭരണഘടനയോടും ഭാരതീയ സംസ്‌കാരത്തോടുമുള്ള അവഹേളനമാണ്. വിട്ടുനിന്നതിൽ വിശദീകരണം നല്‍കുകയോ മാപ്പ് പറയുകയോ ചെയ്തില്ലെങ്കില്‍ മോദിയുടെ നടപടി അപലപനീയമാണ്.' സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. അതേസമയം, ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാലാണ് പ്രധാനമന്ത്രി രാഷ്ട്രപതിഭവനിലെത്താഞ്ഞതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നൽകുന്ന വിശദീകരണം. ഇന്ന് ഹിമാചലില്‍ രണ്ടു തെരഞ്ഞെടുപ്പ് റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ മോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചിട്ടുണ്ട്. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് കേന്ദ്രസർക്കാരും കൊളീജീയവും തമ്മിൽ ശീതസമരം തുടരുന്നതിനിടെയാണ്, ചീഫ് ജസ്റ്റിസിന്‍റെ അധികാരമേറ്റെടുക്കല്‍ ചടങ്ങില്‍ പ്രധാനമന്ത്രിയുടെ അഭാവം ചർച്ചയാകുന്നത്.
ഇന്ത്യയുടെ അമ്പതാമത് ചീഫ് ജസ്റ്റിസായാണ് ജസ്റ്റിസ് ഡി വെ ചന്ദ്രചൂഡ് ഇന്ന് അധികാരമേറ്റത്. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ട് വർഷമാണ് അദ്ദേഹത്തിന്‍റെ കാലാവധി. ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, ലോക്ശഭാ സ്പീക്കർ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങ് കാണാൻ ചന്ദ്രചൂഡിന്‍റെ അമ്മയുൾപ്പെടെ കുടുംബാംഗങ്ങള്‍ രാഷ്ട്രപതി ഭവനിൽ എത്തിയിരുന്നു. ചടങ്ങിന് പിന്നാലെ സുപ്രീം കോടതിയിലെ ഗാന്ധിപ്രതിമയിൽ മാലചാർത്തിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ദേഹത്തിന്‍റെ ഓഫീസിൽ എത്തി ദേശീയ പതാകയെ നമസ്കരിച്ച ശേഷമാണ് ഫയലുകളില്‍ ഒപ്പിട്ടത്. ഒന്നാം നമ്പർ കോടതിയിൽ ചീഫ് ജസ്റ്റിസായി അദ്ദേഹം ആദ്യം പരിഗണിച്ചത് ഫുട്ബോൾ ഫെഡറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജിയായിരുന്നു. ജസ്റ്റിസുമാരായ ഹിമാ കോഹ്ലി, ജെ ബി പർടിവാലാ എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. 2024 നവംബർ പത്ത് വരെയാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ ചന്ദ്രചൂഡിന്‍റെ കാലാവധി.
Read Also: ജസ്റ്റിസ് ചന്ദ്രചൂഡ്, സാധാരണക്കാര്‍ ഉറ്റുനോക്കുന്ന ചീഫ് ജസ്റ്റിസ്, പ്രതീക്ഷയോടെ ഇന്ത്യ!
