അ​ഗ്നിപഥിനെതിരെ അണയാതെ പ്രതിഷേധം; ബിഹാറിൽ 200 കോടി രൂപയുടെ നഷ്ടമുണ്ടായതായി റെയിൽവേ 

Published : Jun 18, 2022, 03:21 PM IST
അ​ഗ്നിപഥിനെതിരെ അണയാതെ പ്രതിഷേധം; ബിഹാറിൽ 200 കോടി രൂപയുടെ നഷ്ടമുണ്ടായതായി റെയിൽവേ 

Synopsis

പ്രക്ഷോഭകർ വെള്ളിയാഴ്ച ഏതാണ്ട് ഒരു ഡസനോളം കോച്ചുകൾ അഗ്നിക്കിരയാക്കി. ബറൗണി-ഗോണ്ടിയ എക്‌സ്പ്രസിന്റെ മൂന്ന് കോച്ചുകൾ കത്തിനശിച്ചു. സിവാൻ ജില്ലയിൽ പ്രതിഷേധക്കാർ റെയിൽ എഞ്ചിന് തീയിടാൻ ശ്രമിച്ചു.

പട്ന: അഗ്നിപഥ് സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ ബിഹാറിൽ നടന്ന പ്രതിഷേധത്തിൽ 200 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി റെയിൽവേ. 50 കോച്ചുകളും അഞ്ച് എൻജിനുകളും പൂർണമായും കത്തിനശിച്ചെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. നൂറുകണക്കിനാളുകൾ തുടർച്ചയായ മൂന്നാം ദിവസവും തീവണ്ടികളും റെയിൽവേ സ്റ്റേഷനുകളും കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തു. പ്ലാറ്റ്‌ഫോമുകൾക്കും കമ്പ്യൂട്ടർ സംവിധാനങ്ങൾക്കും മറ്റ് സാങ്കേതിക ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി ദനാപൂർ റെയിൽ ഡിവിഷൻ ഡിവിഷണൽ മാനേജർ പ്രഭാത് കുമാർ പറഞ്ഞു.

പ്രക്ഷോഭകർ വെള്ളിയാഴ്ച ഏതാണ്ട് ഒരു ഡസനോളം കോച്ചുകൾ അഗ്നിക്കിരയാക്കി. ബറൗണി-ഗോണ്ടിയ എക്‌സ്പ്രസിന്റെ മൂന്ന് കോച്ചുകൾ കത്തിനശിച്ചു. സിവാൻ ജില്ലയിൽ പ്രതിഷേധക്കാർ റെയിൽ എഞ്ചിന് തീയിടാൻ ശ്രമിച്ചു. വിക്രംശില എക്‌സ്പ്രസിന്റെ മൂന്ന് എയർകണ്ടീഷൻ ചെയ്ത കമ്പാർട്ടുമെന്റുകൾ കൊള്ളയടിച്ചതിന് ശേഷം കത്തിച്ചു. ആരാ ജില്ലയിൽ പുതുതായി നിർമ്മിച്ച പ്ലാറ്റ്‌ഫോം, മോത്തിഹാരിയിലെ ബാപുധാം റെയിൽവേ സ്റ്റേഷൻ എന്നിവ നശിപ്പിക്കപ്പെട്ടു. ഒരു യാത്രക്കാരനും പരിക്കേറ്റു. നാല് എക്സ്പ്രസുകൾ ഉൾപ്പെടെ 30 ട്രെയിനുകൾ റദ്ദാക്കിയതായും മറ്റുള്ളവ മണിക്കൂറുകളോളം വൈകിയതായും ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചു. ചില ട്രെയിനുകൾ വഴിയിൽ കുടുങ്ങി.

അതിനിടെ അഗ്നിപഥ് സ്കീമിനെതിരെ സെക്കന്തരാബാദിലുണ്ടായ പ്രതിഷേധത്തിന്റെ പ്രധാന ആസൂത്രകനെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു. ഉദ്യോഗാർത്ഥികൾക്ക് ആർമി ട്രെയിനിംഗ് നൽകുന്ന സെൻററിന്റെ നടത്തിപ്പുകാരനായ സുബ്ബ റാവു എന്നയാളെയാണ് ആന്ധ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ റെയിൽവേ പൊലീസ് ഫോഴ്സിന് കൈമാറും. വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അഗ്നിപഥിനെതിരെ സെക്കന്തരാബാദില്‍ നടന്നത് ആസൂത്രിത പ്രതിഷേധമെന്നാണ് റെയില്‍വേ പൊലീസ് റിപ്പോര്‍ട്ട്. വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ ആഹ്വാനം ചെയ്താണ് പ്രതിഷേധം നടന്നത്.

ചലോ സെക്കന്തരാബാദ് എന്ന പേരിലുണ്ടായിരുന്ന വാട്ട്സാപ്പ് ഗ്രൂപ്പിലൂടെയായിരുന്നു പ്രതിഷേധത്തിന് ആഹ്വാനം. സൈന്യത്തിലേക്കുള്ള കായികക്ഷമതാ പരീക്ഷ വിജയിച്ച് എഴുത്തുപരീക്ഷയ്ക്ക് തയാറെടുത്തിരുന്ന ഉദ്യോഗാര്‍ത്ഥികളാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. അഗ്നിപഥ് നടപ്പായാല്‍ ജോലി ലഭിച്ചേക്കില്ലെന്ന് ഗ്രൂപ്പുകളിലൂടെ സന്ദേശം പ്രചരിച്ചിരുന്നു. അവകാശപ്പെട്ട ജോലി ലഭിക്കാനായി പ്രതിഷേധിക്കണമെന്ന ആഹ്വാനം വാട്ട്സാപ്പിലൂടെ നടന്നു. ഇതിനെ തുടര്‍ന്ന് യുവാക്കള്‍ സംഘടിച്ച് സെക്കന്തരാബാദ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചത്. നൂറിലധികം പൊലീസുകാരുണ്ടായിരുന്നെങ്കിലും ആയിരത്തോളം പ്രതിഷേധക്കാര്‍ ഏഴ് ഗെയ്റ്റുകളിലൂടെ പാഞ്ഞ് എത്തിയതിനാല്‍ രണ്ട് മണിക്കൂര്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന് റെയില്‍വോ പൊലീസിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പാര്‍സല്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളും ബൈക്കുകളും അടക്കം പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു. മൂന്ന് ട്രെയിനുകള്‍ കത്തി നശിച്ചതടക്കം 20 കോടിയുടെ നാശനഷ്ടമുണ്ടായി. പൊലീസ് വെടിവയ്പ്പില്‍ മരിച്ച വാറങ്കല്‍ സ്വദേശിയും 24 കാരനുമായ രാകേഷും സൈന്യത്തില്‍ ചേരാനുള്ള കായികക്ഷമതാ പരീക്ഷ വിജയിച്ചിരുന്നു. രാകേഷിന്‍റെ വിലാപയാത്രയ്ക്കിടെ സെക്കന്തരാബാദ് ബിഎസ്എന്‍എല്‍ ഓഫീസിന് നേരെ ആക്രമണ ശ്രമമുണ്ടായി. വിലാപയാത്രയില്‍ പങ്കെടുത്ത ടിആര്‍എസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. മറ്റ് അനിഷ്ട സംഭവങ്ങള്‍ തെലങ്കാനയില്‍ ഉണ്ടായിട്ടില്ല. ഉദ്യോഗാര്‍ത്ഥികള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരാണ് പിന്നില്ലെന്നും രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ചും അന്വേഷിക്കണമെന്നും തെലങ്കാന ബിജെപി ആവശ്യപ്പെട്ടു. ചെന്നൈയില്‍ രാജ്ഭവന് മുന്നിലും യുവാക്കള്‍ പ്രതിഷേധിക്കാന്‍ സംഘടിച്ചെങ്കിലും പൊലീസ് എത്തി ഇവരെ അനുനയിപ്പിച്ച് തിരിച്ചയച്ചു. 

PREV
Read more Articles on
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്