
ദില്ലി: ബിഹാറിലെ റെക്കോഡ് പോളിംഗിൽ രാഷ്ട്രീയ പാർട്ടികളിൽ അമ്പരപ്പ്. ഭരണമാറ്റത്തിന്റെ സൂചനയാണെന്ന് ഇന്ത്യാസഖ്യം വാദിക്കുമ്പോൾ, എൻഡിഎ സർക്കാരിന് വൻ ഭൂരിപക്ഷം ജനങ്ങൾ നൽകുകയാണെന്ന് ബിജെപി അവകാശപ്പെട്ടു. ബിഹാർ കാണാൻ പോകുന്നത് വലിയ മാറ്റമാണെന്ന് ജൻസുരാജ് നേതാവ് പ്രശാന്ത് കിഷോർ പ്രതികരിച്ചു.
ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പിൽ 64.69% പോളിംഗാണ് രേഖപ്പെടുത്തിയത്. ചരിത്രപരമായ പോളിംഗ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ 9 ശതമാനം പോളിംഗ് ഉയർന്നത് ആർക്ക് ഗുണം ചെയ്യുമെന്നതിൽ രാഷ്ട്രീയ തർക്കം മുറുകുകയാണ്. സർക്കാറിനെതിരെ ജനം ആവേശത്തോടെ വോട്ട് ചെയ്തു എന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. എന്നാൽ സ്ത്രീകൾ വലിയ സംഖ്യയിൽ പോളിംഗ് ബൂത്തിലെത്തിയത് സർക്കാറിന് അനുകൂലമായ സാഹചര്യമെന്ന് ബിജെപി പ്രതികരിച്ചു.
പോളിംഗ് ശതമാനം ഉയർന്നതോടെ പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടിയിലേക്ക് വീണ്ടും ശ്രദ്ധ തിരിയുകയാണ്. ജൻ സുരാജ് ഉണ്ടാക്കിയ ഇളക്കവും വോട്ടർമാരിൽ ആവേശത്തിന് കാരണമായെന്നാണ് സൂചനകൾ. ബിഹാർ കാണാൻ പോകുന്നത് രാഷ്ട്രീയ വഴിത്തിരിവാണെന്ന് പ്രശാന്ത് കിഷോർ പ്രതികരിച്ചു. പലയിടത്തും എതിരാളികൾ വോട്ട് ചെയ്യുന്നത് തടയാൻ പോലീസിനെ ഉപയോഗപ്പെടുത്തിയെന്ന് ആർജെഡി ആരോപിച്ചു. രണ്ടാംഘട്ടത്തിൽ മത്സരം നടക്കുന്ന മണ്ഡലത്തിലെ പ്രചാരണത്തിന് അമിത് ഷായും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും അടക്കമുള്ളവർ ഇന്ന് ബിഹാറിലുണ്ട്.