
പാറ്റ്ന: നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ കനത്ത സുരക്ഷയിൽ ബിഹാർ. രാവിലെ 8 മണിയ്ക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. പാറ്റ്ന, ഗയാജി തുടങ്ങിയ കേന്ദ്രങ്ങൾ അതീവ സുരക്ഷാ നിരീക്ഷണത്തിലാണ്.
ബിഹാറിൽ റെക്കോർഡ് പോളിംഗ് നടന്ന തിരഞ്ഞെടുപ്പാണിത്. രണ്ടാം ഘട്ടത്തിൽ 68.76% എന്ന റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. രണ്ട് ഘട്ടങ്ങളിലുമായി ബിഹാറിൽ 66.91% പോളിംഗാണ് രേഖപ്പെടുത്തിയത്. 1951ന് ശേഷം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആദ്യ ഘട്ടത്തിൽ 65.06% ആയിരുന്നു പോളിംഗ്.
ബിഹാർ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ഉയർന്നത് ഭരണമാറ്റത്തിന്‍റെ സൂചനയാണെന്നാണ് മഹാ സഖ്യം അവകാശപ്പെടുന്നത്. എന്നാൽ, എൻ ഡി എ സർക്കാരിന് വൻ ഭൂരിപക്ഷം ജനങ്ങൾ നൽകുകയാണെന്നാണ് ബി ജെ പിയുടെ വാദം. എക്സിറ്റ് പോളുകളിൽ എൻഡിഎ സഖ്യത്തിനാണ് ഭൂരിഭാഗം സർവേകളും വിജയം പ്രവചിച്ചിരിക്കുന്നത്. എക്സിറ്റ് പോളുകൾക്കുമപ്പുറത്തെ വലിയ മാറ്റമാണ് ബിഹാർ കാണാൻ പോകുന്നതെന്നാണ് ജൻസുരാജ് നേതാവ് പ്രശാന്ത് കിഷോർ പ്രതികരിച്ചത്.