ബിഹാറിൽ മികച്ച പോളിങ്, മൂന്നു മണിവരെ 53.77%, ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ കല്ലേറ്; ജനം ജംഗിള്‍ രാജിനെതിരെ വിധിയെഴുതുമെന്ന് പ്രധാനമന്ത്രി

Published : Nov 06, 2025, 03:19 PM IST
bihar elections

Synopsis

ബിഹാറിൽ ആദ്യഘട്ടത്തിൽ മികച്ച പോളിം​ഗ്. വൈകിട്ട് മൂന്നു മണിവരെ 53.77 ശതമാനം പോളിങ് രേഖപ്പെടുത്തി. ബിഹാറിൽ വലിയ മാറ്റം കാണുന്നുവെന്ന് തേജസ്വി യാദവ് അവകാശപ്പെട്ടപ്പോൾ, ജനം ജം​ഗിൾ രാജിനെതിരെ വിധിയെഴുതുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു

പാട്ന: ബിഹാറിൽ ആദ്യഘട്ടത്തിൽ മികച്ച പോളിം​ഗ്. വൈകിട്ട് മൂന്നു മണിവരെ 53.77 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ ആദ്യ ഘട്ടത്തിൽ 55.68 ശതമാനം ആയിരുന്നു ആകെ പോളിങ്. വൈകിട്ട് മൂന്നുമണി പിന്നിടുമ്പോഴേക്കും കഴിഞ്ഞ തവണത്തേ പോളിങ് ശതമാനം മറികടക്കുമെന്ന നിലയിലെത്തി. ബിഹാറിൽ വലിയ മാറ്റം കാണുന്നുവെന്ന് തേജസ്വി യാദവ് അവകാശപ്പെട്ടപ്പോൾ, ജനം ജം​ഗിൾ രാജിനെതിരെ വിധിയെഴുതുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വാശിയേറിയ പ്രചാരണം വോട്ടിംഗിലും പ്രതിഫലിക്കുന്ന കാഴ്ചയാണ് ബിഹാറിൽ നിന്നും കാണുന്നത്. രണ്ടുമണി പിന്നിടുമ്പോൾ 2020 ലേതിനേക്കാൾ കൂടുതൽ വോട്ടർമാർ പോളിംഗ് ബൂത്തുകളിൽ എത്തുന്നുണ്ട്. ബെഗുസരായ് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ്. പോളിങ് നടക്കുന്നതിനിടെ ബിഹാർ ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ അതിക്രമമുണ്ടായി. ഉപമുഖ്യമന്ത്രി വിജയ് സിൻഹയുടെ കാറിനു നേരെയാണ് കല്ലെറുണ്ടായത്. ബിഹാറിലെ ലക്കിസറായിലാണ് അതിക്രമമുണ്ടായത്.

വോട്ടെടുപ്പ് ദിവസം ബിഹാറിലെ അരാരിയയിൽ റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ലാലുപ്രസാദ് യാദവിന്റെ ജം​ഗിൾ രാജാണ് ബിഹാറിന്റെ വികസനത്തെ പിന്നോട്ടടിച്ചതെന്ന് കുറ്റപ്പെടുത്തി. ബിഹാറിനെ ആർജെഡിയുടെ കാട്ടുഭരണം തകർത്തുവെന്നും ഇതിൽ നിന്നും ബിഹാറിനെ രക്ഷിച്ചുവെന്നും ജനം ജംഗിള്‍ രാജിനെതിരെ വിധിയെഴുതുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ, തങ്ങള്‍ ജയിക്കുമെന്നും അതിലൂടെ ബിഹാറിലെ ജനങ്ങളും ബിഹാറും വിജയിക്കുമെന്നും എല്ലാവർക്കും ഒപ്പം നമ്പർ വൺ ബിഹാർ സൃഷ്ടിക്കാൻ പ്രവർത്തിക്കുമെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. 20 വർഷമായി ഇരട്ട എഞ്ചിന് സർക്കാർ ഒന്നും ചെയ്തില്ലെന്നും ബിഹാറിലെ യുവാക്കൾക്ക് എതിരായാണ് പ്രവർത്തിച്ചതെന്നും മിസ ഭാരതി എംപി കുറ്റപ്പെടുത്തി. അതേസമയം, ജൻസുരാജ് പാർട്ടിയുടെ മും​ഗേറിലെ സ്ഥാനാർത്ഥി സഞ്ജയ് സിം​ഗിനെ ഇന്നലെ ബിജെപിയിൽ ചേർത്തതിനെ പാർട്ടി നേതാവ് പ്രശാന്ത് കിഷോർ രൂക്ഷമായി വിമർശിച്ചു.

 

വോട്ടടെടുപ്പ് ഉത്സവമാക്കി ബിഹാര്‍

 

വോട്ടെടുപ്പ് ഉത്സവമാക്കി ബിഹാർ. കഴിഞ്ഞ തവണത്തേക്കാൾ ഉത്സാഹം തുടക്കത്തിൽ ബിഹാറിലെ പോളിം​ഗ് ബൂത്തുകളിൽ കാണാനായി. പൊതുവെ സമാധാനപരമായിട്ടാണ് സംസ്ഥാനത്തെ പോളിം​ഗ് പുരോ​ഗമിക്കുന്നത്. പല മണ്ഡലങ്ങളിലും പോളിം​ഗ് ബൂത്തിലെത്തിയ വോട്ടർമാരുടെ പേരുകൾ ലിസ്റ്റിൽ ഇല്ലാത്തത് തർക്കങ്ങൾക്ക് ഇടയാക്കി. മുൻകൂട്ടി അറിയിപ്പില്ലാതെ വോട്ടർമാരുടെ പോളിം​ഗ് ബൂത്തുകൾ മാറിയതും ആശയകുഴപ്പത്തിന് വഴിവച്ചു. 1374 സ്ഥാനാർത്ഥികളാണ് മത്സരരം​ഗത്തുള്ളത്. രാഘോപൂരിൽ മത്സരിക്കുന്ന ഇന്ത്യസഖ്യം സ്ഥാനാർത്ഥി തേജസ്വി യാദവ് പറ്റ്നയിലെ വെറ്ററിനറി കോളേജിലെത്തിയാണ് വോട്ട് ചെയ്തത്. ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, എംപിയും സഹോദരിയുമായ മിസാ ഭാരതി, തേജസ്വിയുടെ ഭാര്യ രാജശ്രീയാദവ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.ലാലുപ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാ​പ് പ്രത്യേകം എത്തിയാണ് വോട്ട് ചെയ്തത്. 

തേജസ്വിയുമായി തെറ്റി ജൻശക്തി ജനതാദൾ എന്ന പുതിയ പാർട്ടി രൂപീകരിച്ച് മഹുവ മണ്ഡലത്തിൽ തേജ് പ്രതാപ് യാദവ് മത്സരിക്കുന്നുണ്ട്. തന്റെ രണ്ട് മക്കൾക്കും ആശംസകൾ നേരുന്നു എന്നായിരുന്നു വോട്ട് ചെയ്ത ശേഷം അമ്മ റാബറി ദേവിയുടെ അഭ്യർത്ഥന. ബിഹാറിൽ 45000 ൽ 56 പ്രശ്ന സാധ്യതയുള്ള ബൂത്തുകളായി പ്രഖ്യാപിച്ചത്. മാവോയിസ്റ്റ് ഭീഷണി നേരത്തെ നിലനിന്ന ചില ബൂത്തുകളിൽ ഇക്കുറി ഇതാദ്യമായി വോട്ടെടുപ്പ് നടന്നതും പ്രചാരണത്തിൽ നേട്ടമായി എൻഡിഎ ഉയർത്തിക്കാട്ടുകയാണ്. ബിഹാറിലെ വോട്ടെടുപ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ നേരിട്ട് നിരീക്ഷിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ നടപടിയുമായി കേന്ദ്രം; സർവ്വീസുകൾ മറ്റു കമ്പനികൾക്ക് കൈമാറും, 5 ശതമാനം സർവ്വീസ് വെട്ടിക്കുറച്ചു
ചിരിക്കുന്ന ഫോട്ടോ വഴിത്തിരിവായ പോക്സോ കേസ്; കുറ്റാരോപിതനായ പ്രതിയെ വെറുതെവിട്ടു; പെൺകുട്ടിയുടെ പ്രായം തെളിയിക്കാനായില്ലെന്ന് ഛണ്ഡീഗഡ് കോടതി