
പട്ന: ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയുടെ വാഹനവ്യൂഹത്തെ അദ്ദേഹത്തിന്റെ മണ്ഡലമായ ലഖിസറായിയിൽ ജനക്കൂട്ടം തടയുകയും കല്ലെറിയുകയും മൂർദ്ദാബാദ് വിളിക്കുകയും ചെയ്തു. ഭൂമിഹാർ നേതാവും മൂന്ന് തവണ എംഎൽഎയുമായ സിൻഹ ഇത്തവണയും സിറ്റിങ് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുമ്പോൾ പോളിംഗ് ബൂത്തുകൾ സന്ദർശിക്കുകയായിരുന്നു മന്ത്രി. പ്രതിഷേധക്കാർ പ്രധാന പ്രതിപക്ഷമായ രാഷ്ട്രീയ ജനതാദളിന്റെ (ആർജെഡി) പിന്തുണയുള്ള ഗുണ്ടകളാണെന്ന് ബിജെപി നേതാവ് ആരോപിച്ചു. ബിഹാറിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ വരും. അവരുടെ നെഞ്ചിൽ ഞങ്ങൾ ബുൾഡോസറുകൾ ഇടിക്കുമെന്ന് മന്ത്രി രോഷാകുലനായി പറഞ്ഞു. ചില ബൂത്തുകളിൽ ബൂത്ത് പിടിച്ചെടുക്കൽ നടന്നതായും അദ്ദേഹം ആരോപിച്ചു. എന്റെ പോളിംഗ് ഏജന്റിനെ ബൂത്തിൽ നിന്ന് പുറത്താക്കി. ആളുകളെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്നും സിൻഹ പറഞ്ഞു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ജില്ലയിലെ വോട്ടെടുപ്പ് സമാധാനപരമായി നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ബൂത്ത് പിടിച്ചെടുക്കൽ സംബന്ധിച്ച് ഒരു കിംവദന്തി ഉണ്ടായിരുന്നതായി ജില്ലാ പോലീസ് മേധാവി അജയ് കുമാർ പറഞ്ഞു. ഞങ്ങൾ ഇവിടെ വന്നപ്പോൾ വോട്ടെടുപ്പ് സമാധാനപരമായി നടക്കുന്നുണ്ടെന്ന് കണ്ടെത്തി. ആരെങ്കിലും വോട്ട് ചെയ്യുന്നത് തടഞ്ഞാൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ബൂത്തുകളിൽ ബിജെപിയുടെ പോളിംഗ് ഏജന്റിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഐപിഎസ് ഓഫീസർ തള്ളിക്കളഞ്ഞു.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പരാമർശം സിൻഹയുടെ രോഷത്തിന് കാരണമായി. ജില്ലാ പോലീസ് മേധാവിയെ ഉപമുഖ്യമന്ത്രി ഭീരുവെന്നും ദുർബലനെന്നും വിശേഷിപ്പിച്ചു. ലഖിസാരായിയിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎയായ സിൻഹ, കോൺഗ്രസിന്റെ അമരേഷ് കുമാറിനെതിരെയാണ് മത്സരിക്കുന്നത്. ജാൻ സുരാജ് പാർട്ടിയുടെ സൂരജ് കുമാറും മത്സരരംഗത്തുണ്ട്. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും പ്രശ്‌നമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ബീഹാർ പൊലീസ് മേധാവിയോട് നിർദ്ദേശിച്ചു.