
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പിയും എൻ.ഡി.എയും മുന്നോട്ടു വെയ്ക്കുന്ന പ്രവർത്തന മികവിന്റെ രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ പിന്തുണയാണ് ബിഹാറിൽ കണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിഹാറിലെ ജനങ്ങൾക്ക് ബിജെപിയെയും എൻഡിഎയെയും പിന്തുണച്ചെന്നും കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോൺഗ്രസിൻ്റെയും ആർ.ജെ.ഡി.യുടെയും ജംഗിൾ രാജ് രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇനി കേരളത്തിന്റെ ഊഴമാണെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബിഹാർ തിരഞ്ഞെടുപ്പ് നല്കുന്ന സന്ദേശം വ്യക്തമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിൽ ബി.ജെ.പിയും എൻ.ഡി.എയും മുന്നോട്ടു വയ്ക്കുന്ന പ്രവർത്തന മികവിന്റെ രാഷ്ട്രീയത്തിന് വീണ്ടും പിന്തുണ നൽകിയ ബിഹാറിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ. ഒപ്പം കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോൺഗ്രസിൻ്റെയും ആർ.ജെ.ഡി.യുടെയും ജംഗിൾ രാജ് രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞതിനും അഭിനന്ദനങ്ങൾ!
ഇനി കേരളത്തിന്റെ ഊഴമാണ്.
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ അതിശയിപ്പിക്കുന്ന കുതിപ്പാണ് എൻഡിഎ നടത്തിയത്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയ ഘട്ടം മുതൽ വ്യക്തമായ ലീഡ് നിലനിർത്തിയ എൻഡിഎ കേവല ഭൂരിപക്ഷമായ 122 എന്ന മാന്ത്രിക സംഖ്യയും കടന്ന് 200 സീറ്റുകളിലേയ്ക്ക് കുതിച്ചു കയറുന്ന കാഴ്ചയാണ് കാണാനായത്. മറുഭാഗത്ത്, കോൺഗ്രസും ആർജെഡിയും ഉൾപ്പെടുന്ന മഹാസഖ്യം തകർന്നടിയുകയും ചെയ്തു.