
പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാഹുൽ ഗാന്ധിയുടെ '95 തെരഞ്ഞെടുപ്പ് പരാജയങ്ങൾ' എന്ന പേരിൽ പരാജയങ്ങൾ ഭൂപടത്തിൽ അടയാളപ്പെടുത്തി പ്രചരിപ്പിക്കുകയാണ് ബിജെപി.
2004 മുതൽ 2025 വരെയുള്ള തെരഞ്ഞെടുപ്പുകളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയാണ് പോസ്റ്റ് ചെയ്തത്, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ കോണ്‍ഗ്രസ് എപ്പോഴെല്ലാം പരാജയപ്പെട്ടു എന്നാണ് പോസ്റ്ററിലുള്ളത്.
"രാഹുൽ ഗാന്ധിയുടെ മറ്റൊരു തെരഞ്ഞെടുപ്പ്, മറ്റൊരു പരാജയം! തെരഞ്ഞെടുപ്പിലെ സ്ഥിരതയ്ക്ക് അവാർഡുകൾ ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹം അവയെല്ലാം തൂത്തുവാരുമായിരുന്നു"- എന്നാണ് ബി.ജെ.പിയുടെ പരിഹാസം.
രാഹുൽ ഗാന്ധി നയിച്ച തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്‍റെ 95 പരാജങ്ങളാണ് മാപ്പിൽ അയാളപ്പെടുത്തിയിരിക്കുന്നത്. ഹിമാചൽ പ്രദേശ് (2007, 2017), പഞ്ചാബ് (2007, 2012, 2022), ഗുജറാത്ത് (2007, 2012, 2017, 2022), മധ്യപ്രദേശ് (2008, 2013, 2018, 2023), മഹാരാഷ്ട്ര (2014, 2019, 2024), ദില്ലി, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളും ഇതിൽപ്പെടുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പരാജയങ്ങളും ഒഡീഷയിലും ആന്ധ്രാപ്രദേശിലും തോൽവികളും ഇതിൽ ഉൾപ്പെടുന്നു.
ഉച്ചയ്ക്ക് ശേഷം രണ്ട് മണി വരെയുള്ള കണക്ക് പ്രകാരം 243ൽ 202 സീറ്റിൽ എൻഡിഎയാണ് ലീഡ് ചെയ്യുന്നത്. ഇന്ത്യ സഖ്യം 35 സീറ്റിൽ മാത്രമാണ് മുന്നിലുള്ളത്. ബിഹാറില്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തും. സമസ്ത മേഖലകളിലും കടന്നുകയറി വോട്ട് വിഹിതം ഉയർത്തിയാണ് ബീഹാറിൽ നിതീഷ് - മോദി സഖ്യം ആധികാരിക വിജയം നേടിയത്.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അടിപതറിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. നിലവിലെ ട്രെൻഡ് മഹാസഖ്യത്തെ സംബന്ധിച്ച് നിരാശാജനകം ആണെന്ന് കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് പ്രതികരിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എൻഡിഎ പണം വിതരണം ചെയ്തു. കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ മൗനം പാലിച്ചതും ഈ ഫലത്തിന് കാരണമായെന്നാണ് വിമര്‍ശനം.