
പാറ്റ്ന: പെൺസുഹൃത്തിനെ വിവാഹം കഴിക്കാൻ രണ്ടാം ഭാര്യ എതിർത്തതിനെത്തുടർന്ന് 25കാരിയെ തീകൊളുത്തി കൊലപ്പെടുത്തി ഭർത്താവ്. യുവതിയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് സിലിണ്ടറിൽ നിന്ന് എൽപിജി പടർത്തി തീ കൊളുത്തിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ബീഹാറിലെ നളന്ദയിലാണ് സംഭവം. വികാസ് കുമാർ എന്നയാളാണ് രണ്ടാം ഭാര്യയായ സുനിതയെ കൊലപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ..
5 വർഷം മുൻപാണ് വികാസ് സുനിത ദേവിയെ (25) വിവാഹം കഴിച്ചത്. എന്നാൽ വിവാഹത്തിന് ശേഷമാണ് വികാസ് നേരത്തെ വിവാഹിതനായിരുന്നുവെന്ന് ഇവർ അറിഞ്ഞത്. എന്നാൽ ആദ്യ ഭാര്യയുമായി ഇയാൾ വിവാഹ മോചനം നേടയിയിട്ടില്ലെന്ന് അറിഞ്ഞത് സുനിതയുടെ അച്ഛൻ പറഞ്ഞു. എന്നാൽ വികാസിന്റെ കുടുംബം തന്നെ വിഷയത്തിൽ ഇടപെട്ട് സുനിതയോട് ഭർതൃ ഗൃഹത്തിൽ താമസിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇവർക്ക് രണ്ട് കുട്ടികൾ ജനിച്ചെങ്കിലും ജനിച്ചയുടൻ മരിച്ചു പോയി. ഇതിനു ശേഷം, തന്റെ പെൺസുഹൃത്തിനെ വിവാഹം കഴിക്കണമെന്ന് ഇയാൾ സുനിതയോട് പറയുകയും ഇവർ തമ്മിൽ തർക്കങ്ങൾ തുടങ്ങുകയും ചെയ്തു.
ഇതിനു ശേഷം, സുനിത സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. എന്നാൽ വികാസ് പിന്നീട് സുനിതയുടെ അടുത്തെത്തി വീട്ടിലേക്ക് വരാൻ പറയുകയായിരുന്നുവെന്നും സുനിതയുടെ വീട്ടുകാർ പറഞ്ഞു. ഇതിന് ശേഷം, ശനിയാഴ്ച പുലർച്ചെയോടെ സുനിത സഹോദരനെ ഫോണിൽ വിളിക്കുകയായിരുന്നു. വികാസ് തന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് മുറ്റത്തെ ഗേറ്റ് പൂട്ടിയിട്ടിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് സുനിത വിളിച്ചതെന്നും മൊഴി. പിന്നീട് പാചക വാതക സ്റ്റൗവിന്റെ വാൽവുകൾ തുറന്ന്, തീപ്പെട്ടിക്കൊള്ളി കത്തിച്ച് സുനിതയുടെ ശരീരത്തിലേക്ക് എറിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സുനിതയുടെ ബന്ധുക്കൾ എത്തിയപ്പോഴേക്കും വികാസിന്റെ കുടുംബം സുനിതയുടെ മൃതദേഹം ദഹിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. സുനിതയുടെ കുടുംബം അടുത്തേക്ക് വരുന്നത് കണ്ട് അവർ ഓടി രക്ഷപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു.
പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചുവെന്നും ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ചുവെന്നും പൊലീസ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സുനിതയുടെ വീട്ടുകാർക്ക് കൈമാറി. വികാസിന്റെ കുടുംബം ഒളിവിലാണെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽ കുമാർ പാണ്ഡെ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam