
ദില്ലി: ബിൽക്കിസ് ബാനു കേസിൽ പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതിയുടെ ചോദ്യങ്ങൾ. സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ബിൽക്കിസ് ബാനു കേസിൽ പ്രതികൾ കുറ്റം ചെയ്ത രീതി ഭയാനകമെന്നും ജസ്റ്റിസുമാരായ കെ എം ജോസഫ് , ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ഇന്നത്തെ വാദത്തിനിടെ ചൂണ്ടിക്കാട്ടി. പ്രതികളെ വിട്ടയച്ചതിന് കൃത്യമായ കാരണങ്ങൾ ഗുജറാത്ത് സർക്കാർ ബോധിപ്പിക്കണമെന്നും ജസ്റ്റിസ് കെ എം ജോസഫ് ആവശ്യപ്പെട്ടു. പ്രതികൾക്ക് 1500 ദിവസം പരോൾ കിട്ടിയതെങ്ങനെയെന്നും ചോദിച്ച പരമോന്നത കോടതി, സാധാരണ പൗരന് ഈ സൗകര്യം ലഭിക്കുമോ എന്നും ആരാഞ്ഞു. ഒരു ഗർഭിണി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു. ഒട്ടേറെ പേർ കൊല്ലപ്പെട്ടു. ഇത് സാധാരണ കൊലക്കേസായി കണക്കാക്കാനാവില്ല. പ്രതികളെ വിട്ടയക്കാനുള്ള തീരുമാനത്തിന്‍റെ അടിസ്ഥാനം എന്താണെന്നത് കൃത്യമായി ബോധിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
വന്ദേ ഭാരതിൽ 1400! കണ്ണൂരെത്തുന്ന 4 ട്രെയിനുകൾ; സമയം, ടിക്കറ്റ് നിരക്ക് ഇങ്ങനെ? മെച്ചം ഏത്?
'ഇളവ് നൽകാനുള്ള തീരുമാനത്തിന്‍റെ അടിസ്ഥാനം എന്താണെന്നതാണ് ചോദ്യം, ഇന്ന് ബിൽക്കിസ് എങ്കിൽ നാളെ അത് ആർക്കും ആകാം. അത് നിങ്ങളോ ഞാനോ ആകാം. ഇളവ് അനുവദിക്കുന്നതിനുള്ള കാരണങ്ങൾ നിങ്ങൾ കാണിക്കുന്നില്ലെങ്കിൽ, ഞങ്ങൾ ഞങ്ങളുടെ സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരും' - എന്നും കോടതി അഭിപ്രായപ്പെട്ടു.
പ്രതികളെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാനുള്ള സുപ്രീം കോടതി ഉത്തരവ് പുനപരിശോധിക്കാനുള്ള അപേക്ഷ നൽകുമെന്ന് ഗുജറാത്ത് സർക്കാരും കേന്ദ്രവും വാദത്തിനിടെ പറഞ്ഞു. കോടതിയിൽ ഫയലുകൾ ഹാജരാക്കാതെയിരിക്കാൻ സർക്കാരുകൾക്ക് സവിശേഷ അധികാരമുണ്ടെന്നും ഗുജറാത്ത് സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ നിയമപരമായി ആണ് കാര്യങ്ങൾ ചെയ്തെങ്കിൽ ഒളിക്കേണ്ട കാര്യം എന്തെന്നും കോടതി ചോദിച്ചു. മെയ് ഒന്ന് വരെ പുനപരിശോധന ഹർജി നൽകാൻ കോടതി സർക്കാരിന് സമയം നൽകി.