ചെങ്കോലിന് സല്യൂട്ട്, ഗുസ്തി താരങ്ങൾക്ക് അടി, പുതിയ പാർലമെൻ്റിൻ്റെ ഗതി എങ്ങോട്ടെന്നത് വ്യക്തം: ബിനോയ് വിശ്വം

By Web TeamFirst Published May 28, 2023, 5:00 PM IST
Highlights

ചെങ്കോലിന് സല്യൂട്ട് നൽകിയപ്പോൾ ജന്തർമന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് നൽകിയത് അടിയാണെന്നും ബിനോയ് വിശ്വം

ദില്ലി : പുതിയ പാർലമെൻ്റിൻ്റെ ഗതി എങ്ങോട്ടെന്ന് വ്യക്തമാണെന്ന് ബിനോയ് വിശ്വം എം പി. പുതിയ പാർലമെൻ്റ് അദാനിക്കുവേണ്ടിയാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ചെങ്കോലിന് സല്യൂട്ട് നൽകിയപ്പോൾ ജന്തർമന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് നൽകിയത് അടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചു. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളില്‍ പ്രധാനമന്ത്രിയും പങ്കെടുത്തു. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചു. വിളക്ക് കൊളുത്തിയാണ് പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് അദ്ദേഹം  ഇരു ചേംബറുകളിലും സന്ദർശിച്ചു.

2020 ലാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമ്മാണം തുടങ്ങിയത്. 2022ൽ  പ്രധാന കെട്ടിടത്തിന്‍റെ നിര്‍മ്മാണം പൂർത്തിയായി.  899 ദിവസങ്ങളാണ് നിർമ്മാണത്തിന് എടുത്തത്. 21 മീറ്റർ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്. 1200 കോടി രൂപ ചെലവിലാണ് പാർലമെന്‍റ് കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. ത്രികോണാകൃതിയിലാണ് മന്ദിരത്തിന്‍റെ രൂപകൽപന.  രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളാനാകും. ലോക്സഭാ ചേംബറിൽ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറിൽ 384 ഇരിപ്പിടങ്ങളുമാണുള്ളത്.

അതേസമയം ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുകയെന്ന ആവശ്യവുമായി പ്രഖ്യാപിച്ച സമരത്തിൽ നിന്ന് പിന്മാറാതെ മുന്നോട്ട് പോയ ഗുസ്തി താരങ്ങളെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. ബജ്റംഗ് പൂനിയയെ ഒറ്റയ്ക്കാക്കി പത്തോളം പൊലീസുകാർ വളഞ്ഞ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റി. സാക്ഷി മാലിക്കിനെയും വിനേഷ് ഫൊഗട്ടിനെയും റോഡിൽ കൂടി വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കാനായിരുന്നു ശ്രമം. എന്നാൽ പൊലീസിന്റെ ശ്രമം താരങ്ങൾ ശക്തമായി തടഞ്ഞു. എങ്കിലും ഒടുവിൽ പൊലീസുകാർ എല്ലാവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ സമരവേദിയും പൊലീസ് നീക്കി.

Read More : 'പുതിയ ഭാരതം പുതിയ ലക്ഷ്യം, ഭാരതം വളരുമ്പോൾ ലോകം വളരുന്നു'; നരേന്ദ്ര മോദി

click me!