'ലക്ഷദ്വീപ് സന്ദർശിക്കാന്‍ അനുമതിയില്ല'; അധികൃതര്‍ മറുപടി നല്‍കുന്നില്ലെന്ന് ബിനോയ് വിശ്വം

By Web TeamFirst Published May 27, 2021, 8:42 PM IST
Highlights

ലക്ഷദ്വീപ് ജില്ലാ കളക്ടർ കൊച്ചിയിലെത്തി വാർത്താസമ്മേളനം നടത്തുന്നത് കണ്ടതോടെ വസ്തുതകൾ മറച്ചുവയ്ക്കണമെന്ന അവരുടെ നിലപാട് വ്യക്തമായെന്നും ബിനോയ് വിശ്വം പറഞ്ഞു.
 

തിരുവനന്തപുരം: ലക്ഷദ്വീപ് സന്ദർശിക്കുന്നതിന് സിപിഐ നേതാവും രാജ്യസഭാം​ഗവുമായ ബിനോയ് വിശ്വം എംപിക്ക് അനുമതി നല്‍കിയില്ല. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ നടപടികളെ തുടർന്ന് വിവാദമായ ലക്ഷദ്വീപിലെത്തി ജനങ്ങളെ കാണുന്നതിന് അനുമതി നല്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ മറുപടി നല്‍കുകയോ നിരന്തരം ബന്ധപ്പെട്ടിട്ടും പ്രതികരിക്കുവാൻ തയ്യാറാകുകയോ ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ് ജില്ലാ കളക്ടർ കൊച്ചിയിലെത്തി വാർത്താസമ്മേളനം നടത്തുന്നത് കണ്ടതോടെ വസ്തുതകൾ മറച്ചുവയ്ക്കണമെന്ന അവരുടെ നിലപാട് വ്യക്തമായെന്നും ബിനോയ് വിശ്വം പറഞ്ഞു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിൻറെ നീക്കങ്ങൾക്കെതിരായ പ്രതിഷേധം ദേശീയ ശ്രദ്ധ നേടുമ്പോൾ ബിജെപി നേതൃത്വം ശക്തമായ പ്രതിരോധം തീർക്കുകയാണ്. ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്നത് വികസനത്തിനായുള്ള നടപടികൾ എന്നാണ് വിശദീകരണം. ദ്വീപിലെ അടിസ്ഥാനസൗകര്യ വികസനത്തിനും വിനോദ സ‍ഞ്ചാര സാധ്യത കൂട്ടാനുമാണ് നീക്കം. എന്നാൽ സ്ഥാപിത താല്‍പ്പര്യവും മതമൗലികവാദവും ഉയർത്തുന്ന ചില ഗ്രൂപ്പുകൾ ഇതിനെതിരായി നില്‍ക്കുകയാണ്. വികസനം തടസ്സപ്പെടുത്താനാണ് ഇവരുടെ നീക്കം എന്നും ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യ പ്രതികരിച്ചു. 

പ്രതിപക്ഷം രാഷ്ട്രപതിക്ക് കത്തുനല്‍കി പ്രതിഷേധം ശക്തമാക്കുമ്പോഴാണ് അഡ്മിനിസ്ട്രേറ്റർക്ക് രാഷ്ട്രീയ പിന്തുണ ബിജെപി നല്‍കുന്നത്. 12 പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത നീക്കത്തിന് ആലോചന സജീവമായി നടക്കുകയാണ്. പ്രതിപക്ഷ നേതാക്കളുടെ സംഘം ലക്ഷദ്വീപിലേക്ക് പോകുന്നത് ഉൾപ്പടെ ആലോചനയിലുണ്ട്. ലക്ഷദ്വീപ് എംപി മൊഹമ്മദ് ഫൈസൽ ഇന്ന് മുംബൈയിൽ ശരദ്പവാറിനെ കണ്ടു. കേരളത്തിലെ എംപിമാരുടെ കത്തിനോട് ഇതുവരെ കേന്ദ്രം പ്രതികരിച്ചിട്ടില്ല.

click me!