
മധുര: തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജന്റെ കാറിന് നേരെ ചെരിപ്പെറിഞ്ഞ സംഭവത്തിൽ അഞ്ച് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മധുര വിമാനത്താവളത്തിൽവെച്ചാണ് സംഭവം. ഐപിസി 506, 341, 34 തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് മധുര പൊലീസ് കമ്മീഷണർ പറഞ്ഞു. മധുരയിൽ കൊല്ലപ്പെട്ട സൈനികന് ആദരാഞ്ജലികൾ അർപ്പിച്ച് മടങ്ങുകയായിരുന്നു മന്ത്രിയെന്ന് പൊലീസ് പറഞ്ഞു.
ജമ്മു കശ്മീരിലെ രജൗരിയിൽ വ്യാഴാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികനായ ഡി ലക്ഷ്മണന്റെ വീട് സന്ദർശിച്ച് മടങ്ങുകയായിരുന്നു മന്ത്രി. അന്ത്യകർമങ്ങൾക്കായി അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ജന്മനാട്ടിൽ എത്തിച്ചു. മന്ത്രിയും ഉദ്യോഗസ്ഥരും സംസ്ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയും സൈനികന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു. രക്തസാക്ഷിക്ക് ആദരാഞ്ജലി അർപ്പിക്കാൻ സർക്കാർ സംഘടിപ്പിച്ച പരിപാടിക്ക് പാർട്ടിക്കാർ എന്തിനാണ് വന്നതെന്ന് ചോദിച്ചതിനെത്തുടർന്ന് മന്ത്രിയും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായെന്നും ഇതാണ് ചെരിപ്പേറിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.
ത്യാഗ രാജൻ വിമാനത്താവളത്തിൽ നിന്ന് ഇറങ്ങുമ്പോൾ ബിജെപി പ്രവർത്തകർ അദ്ദേഹത്തിന്റെ കാർ തടയുകയും വാഹനത്തിന് നേരെ ചെരിപ്പ് എറിയുകയുമായിരുന്നു.
കേരളത്തിലേക്ക് കരിങ്കല്ലുമായി വന്ന ലോറി പൊള്ളാച്ചിയിൽ ബിജെപി പ്രവർത്തകർ ആക്രമിച്ചു; 3 പേർ അറസ്റ്റിൽ
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കരിങ്കല്ല് കയറ്റി വന്ന ലോറികൾക്ക് നേരെ ആക്രമണം. പൊള്ളാച്ചിയിൽ നിന്ന് ലോഡുമായി കേരളത്തിലേക്ക് പുറപ്പെട്ട ലോറികൾ ബിജെപി പ്രവർത്തകരാണ് അടിച്ച് തകർത്തത്. കേരളത്തിലേക്ക് അനധികൃതമായി കരിങ്കല്ല് കടത്തുകയാണെന്ന് ആരോപിച്ചായിരുന്നു അക്രമം. സംഭവത്തിൽ മൂന്ന് പ്രാദേശിക ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി. മൂവരും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.