
ദില്ലി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ (Rahul Gandh) ലോക്സഭയിലെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി. സഭയെ അവഹേളിച്ചെന്ന് ആരോപിച്ച് രാഹുലിനെതിരെ ബിജെപി (BJP) അവകാശലംഘന നോട്ടീസ് നൽകി. ബിജെപി എംപി നിഷികാന്ത് ദുബൈയാണ് അവകാശലംഘന നോട്ടീസ് നല്കിയത്. രാഹുൽ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും അവഹേളിച്ചുവെന്നും നോട്ടീസിൽ ആരോപിക്കുന്നു.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിൽ സംസാരിക്കുമ്പോൾ രാഹുൽ ഗാന്ധി നടത്തിയ ചില പരാമർശങ്ങൾക്കെതിരെയാണ് ബിജെപി രംഗത്തെത്തിയത്. കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രത്തിന്റെ ഉപകരണങ്ങളാകുന്നുവെന്നായിരുന്നു രാഹുലിന്റെ പരാമർശം. ചൈനയും പാകിസ്ഥാനും ഒന്നിക്കാനുള്ള അവസരം ഉണ്ടാക്കിയത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും രാഹുൽ പറഞ്ഞിരുന്നു.
രാഹുലിന്റെ നിലപാട് തള്ളി കേന്ദ്ര മന്ത്രിമാർ ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. ചൈനയും പാകിസ്ഥാനും ഒന്നിച്ചു വന്നതിന്റെ ചരിത്രം വിദേശകാര്യമന്ത്രി എസ് ജയശങ്കർ ട്വിറ്ററിൽ കുറിച്ചപ്പോൾ, കോടതിയോട് രാഹുൽ മാപ്പു പറയണമെന്നായിരുന്നു നിയമമന്ത്രി കിരൺ റിജ്ജുവിന്റെ പ്രതികരണം.
നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി തിങ്കളാഴ്ചയാണ്. രാഹുൽ ഗാന്ധിയുടെ ആരോപണത്തോട് നരേന്ദ്ര മോദി പ്രതികരിക്കും എന്ന സൂചനയാണ് ബിജെപി നേതാക്കൾ നൽകുന്നത്. ഇതിനിടെ പെഗാസസ് വിഷയത്തിൽ ഐടി മന്ത്രിക്കെതിരായ അവകാശലംഘന നോട്ടീസ് പരിശോധിക്കാമെന്ന് രാജ്യസഭ അദ്ധ്യക്ഷൻ സമ്മതിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam