ബിജെപിയും കോൺ​ഗ്രസും സുഹൃത്തുക്കൾ, ജനങ്ങളെ ഒരുമിച്ച് കൊള്ളയടിക്കുന്നു; അരവിന്ദ് കെജ്രിവാൾ

By Web TeamFirst Published Mar 13, 2023, 9:04 PM IST
Highlights

ബിജെപി നേതാവ് വസുന്ധര രാജെയും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും പരസ്പരം പിന്തുണയ്ക്കുന്നവരാണ്. അവർ 1993 മുതൽ രാജസ്ഥാനിൽ ഭരിച്ചു വരികയാണെന്ന് കെജ്രിവാൾ പറഞ്ഞു. 

ജയ്പൂർ: ബിജെപിയും കോൺ​ഗ്രസും സുഹൃത്തുക്കളാണെന്നും അവർ ജനങ്ങളെ ഒരുമിച്ച് കൊള്ളയടിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയിലേയും പഞ്ചാബിലെയും ജനങ്ങൾക്ക് ബിജെപിയും കോൺഗ്രസും കൈകോർത്ത് പ്രവർത്തിക്കുകയാണ്. ഇവർ മാറിമാറി അധികാരം പങ്കിടുകയാണെന്ന് അറിയാമെന്നും അതിനാലാണ് ആം ആദ്മി പാർട്ടിയെ അധികാരത്തിലെത്തിച്ചതെന്നും കെജ്രിവാൾ പറഞ്ഞു. ജയ്പൂരിൽ ത്രിരം​ഗ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ദ് മന്നും റാലിയിൽ കെജ്രിവാളിനൊപ്പം പങ്കെടുത്തിരുന്നു. 

ബിജെപി നേതാവ് വസുന്ധര രാജെയും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും പരസ്പരം പിന്തുണയ്ക്കുന്നവരാണ്. അവർ 1993 മുതൽ രാജസ്ഥാനിൽ ഭരിച്ചു വരികയാണെന്ന് കെജ്രിവാൾ പറഞ്ഞു. രാജെയും ഗെലോട്ടും നല്ല സുഹൃത്തുക്കളാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഗെലോട്ടിന് എന്തെങ്കിലും സംഭവിച്ചാൽ, രാജെയ്ക്ക് ബിജെപി പിന്തുണ നൽകും. രാജെയെ ബി.ജെ.പി നീക്കിയേക്കുമെന്ന് ചർച്ചയുണ്ടായപ്പോൾ ഗെഹ്‌ലോട്ട് രാജെയെ പിന്തുണച്ചു. അവർ ഒരേ പാർട്ടിക്കാരാണ്. അവർ വസുന്ധര രാജെ-അശോക് ഗെലോട്ട് പാർട്ടിയാണ്.-കെജ്രിവാൾ  പറഞ്ഞു.

ബിജെപിയും കോൺ​ഗ്രസും തമ്മിൽ സഹോദരി-സഹോദര ബന്ധമാണ്. എന്നാൽ ഞങ്ങൾക്ക് അങ്ങനെ നിൽക്കേണ്ടി വരുന്നില്ല. പൊതുജനങ്ങളുമായി ഞങ്ങളുടേത് നല്ല ബന്ധമാണ്. പാവപ്പെട്ട കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ ശ്രമിച്ചതിനാണ് മുൻ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയെ ജയിലിലാക്കിയതെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു. 

അതേസമയം, മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ  മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. പത്തു ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടത്. ഈ മാസം പതിനേഴിന് വീണ്ടും സിസോദിയയെ ഹാജരാക്കണം. സി ബി ഐ കേസിൽ ജയിൽ കഴിയുന്ന സിസോദിയയെ കഴിഞ്ഞ ദിവസമാണ് ഇഡി അറസ്റ്റ് ചെയ്തത്. സിസോദിയ മദ്യനയവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്നും എട്ട് ഫോണുകൾ തെളിവ് നശിപ്പിക്കാനായി മനീഷ് സിസോദിയ ഒഴിവാക്കിയെന്നും ഇഡി കോടതിയിൽ വാദിച്ചു.

മനീഷ് സിസോദിയയെ ഇഡിയും അറസ്റ്റ് ചെയ്തു, ജാമ്യം കിട്ടുമെന്നതുകൊണ്ടാണ് നീക്കമെന്ന് ആരോപിച്ച് കെജ്രിവാൾ

അറസ്റ്റ് എന്നത് അന്വേഷണ ഏജൻസികൾ അവകാശം പോലെ കാണുന്നുവെന്നും ഇതിൽ കോടതി ഇടപെടണമെന്നും മനീഷ് സിസോദിയക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ കേസിൽ  സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷ ഈ മാസം ഇരുപത്തി ഒന്നിന് പരിഗണിക്കാനും കോടതി മാറ്റി. സിബിഐ കേസിൽ മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡിയും മാർച്ച് ഇരുപത്തി ഒന്നിന് അവസാനിക്കും. 

click me!