'ഒറ്റയ്ക്കാണ്, ഒന്ന് വിളിക്കുമോ'; ബിജെപിയുടെ സിഎഎ ടോള്‍ ഫ്രീ നമ്പറില്‍ വിളിപ്പിക്കാന്‍ വ്യാജ പ്രചാരണം

By Web TeamFirst Published Jan 4, 2020, 6:24 PM IST
Highlights

സ്ത്രീകളുടെ ചിത്രമുള്ള പ്രൊഫൈലുകളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും മിസ് കോളുകള്‍ ലഭിച്ച ശേഷം അവരെ പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നവരാക്കാനാണ് ബിജെപിയുടെ ശ്രമമെന്നാണ് ഈ പ്രചാരണത്തെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്.

ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ഉയരുമ്പോള്‍ നിയമത്തിന് പിന്തുണ അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പറുമായി ബിജെപി രംഗത്ത് വന്നിരുന്നു. ടോള്‍ ഫ്രീ നമ്പറില്‍ മിസ് കോള്‍ അടിച്ചാല്‍ പൗരത്വ നിയമത്തിന് പിന്തുണയാകുമെന്നാണ് ബിജെപി അറിയിച്ചിരുന്നത്.

ജനങ്ങളുടെ ഇടയില്‍ പൗരത്വ നിയമത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറാനാണ് ഇത്തരത്തിലുള്ള ക്യാമ്പയിന്‍ ആരംഭിച്ചതെന്ന് ബിജെപി നേതാവ് അനില്‍ ജെയ്ന്‍ പറഞ്ഞിരുന്നു. എല്ലാവര്‍ക്കും പൗരത്വ നിയമത്തെ കുറിച്ചുള്ള സംശയങ്ങള്‍ മാറാനും ഈ ക്യാമ്പയിന്‍ ഉപകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. 

എന്നാല്‍, ഈ നമ്പര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിധത്തെ ചൊല്ലി ബിജെപിക്കെതിരെ വിമര്‍ശനങ്ങളും ട്രോളുകളുമാണ് നിറയുന്നത്. നെറ്റ്ഫ്ലിക്സ് ആറ് മാസത്തേക്ക് ഫ്രീയായി ലഭിക്കാന്‍ ഈ നമ്പറില്‍ വിളിക്കൂ, സ്ത്രീകളുടെ പേരിന്‍റെ കൂടെ ഈ നമ്പറും വച്ച ശേഷം മിസ് കോള്‍ അടിക്കൂ തിരികെ വിളിക്കാം തുടങ്ങിയ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പലരും പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നവര്‍ക്കുള്ള ബിജെപിയുടെ ടോള്‍ ഫ്രീ നമ്പര്‍ പ്രചരിപ്പിക്കുന്നത്.

സ്ത്രീകളുടെ ചിത്രമുള്ള പ്രൊഫൈലുകളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും മിസ് കോളുകള്‍ ലഭിച്ച ശേഷം അവരെ പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നവരാക്കാനാണ് ബിജെപിയുടെ ശ്രമമെന്നാണ് ഈ പ്രചാരണത്തെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. വ്യാപകമായി ഇത്തരത്തിലുള്ള സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. 

click me!