കോണ്‍ഗ്രസിനെ എപ്പോള്‍ വേണമെങ്കിലും നേരിടാം, ഇപ്പോള്‍ ചൈനയെ നേരിടൂ; ബിജെപിയോട് ശിവസേന

By Web TeamFirst Published Jun 27, 2020, 7:46 PM IST
Highlights

ചൈനീസ് കടന്നുകയറ്റത്തേക്കുറിച്ച് കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നിരവധി ചോദ്യങ്ങള്‍ പ്രധാനമന്ത്രിയോട് ചോദിച്ചിട്ടുണ്ട്. ബിജെപി ഇതിനൊന്നും മറുപടി നല്‍കുന്നില്ല. രാജീവ് ഗാന്ധി ഫൌണ്ടേഷനിലെ സംഭാവനയ്ക്കും അതിര്‍ത്തിയില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ ബിജെപി അത് വിശദമാക്കണമെന്നും ശിവസേന

മുംബൈ: രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് സംഭാവന വാങ്ങിയെന്ന ബിജെപി ആരോപണത്തിന് പിന്നാലെ ബിജെപിക്ക് വിമര്‍ശനവുമായി ശിവസേന. ശിവസേന മുഖപത്രം സാമ്നയിലൂടെയാണ് വിമര്‍ശനം. ബിജെപിക്ക് കോണ്‍ഗ്രസുമായി എപ്പോള്‍ വേണമെങ്കിലും പോരിടാം. നമ്മുക്ക് ചൈനയോടാണ് യുദ്ധം ചെയ്യേണ്ടത്, അതിനേക്കുറിച്ചെന്താണ് പറയാനുള്ളതെന്ന് ശിവസേന ചോദിക്കുന്നു.

ചൈനീസ് കടന്നുകയറ്റത്തേക്കുറിച്ച് കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നിരവധി ചോദ്യങ്ങള്‍ പ്രധാനമന്ത്രിയോട് ചോദിച്ചിട്ടുണ്ട്. ഇതിന് മറുപടി പറയുന്നില്ലെന്ന് മാത്രമല്ല കോണ്‍ഗ്രസ് ചൈനയില്‍ നിന്ന് സംഭാവന വാങ്ങിയെന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്. കോണ്‍ഗ്രസിന് പണം ലഭിക്കുന്നുണ്ട് എന്നതുകൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ശിവസേന ചോദിക്കുന്നു. കോണ്‍ഗ്രസ് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ തിരിച്ച് ആരോപണങ്ങള്‍ ഉയര്‍ത്തുന്നതില്‍ എന്ത് കാര്യമാണ് ഉള്ളതെന്നും സാമ്ന ചോദ്യം ചെയ്യുന്നു. 

അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം ഈ ആരോപണങ്ങളിലൂടെ അവസാനിക്കുമോ? രാജീവ് ഗാന്ധി ഫൌണ്ടേഷനിലെ സംഭാവനയ്ക്കും അതിര്‍ത്തിയില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ ബിജെപി അത് വിശദമാക്കണമെന്നും ശിവസേന ആവശ്യപ്പെടുന്നു. ഇതിന് മുന്‍പും ബിജെപി പല തവണ ഉയര്‍ത്തിയിട്ടുള്ള ആരോപണമാണ് രാജീവ് ഗാന്ധി ഫൌണ്ടേഷനിലേക്കുള്ള സംഭാവനയെന്നും ശിവസേന കൂട്ടിച്ചേര്‍ക്കുന്നു. 

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈന ഉൾപ്പടെയുള്ള വിദേശ ശക്തികളിൽ നിന്ന് സംഭാവന വാങ്ങിയത് രാജ്യത്തിന് നാണക്കേട് എന്ന് ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. രാജീവ് ഗാന്ധി ഫൗണ്ടേഷൻ കോർപ്പറേറ്റുകളിൽ നിന്ന് വൻ തുകയാണ് സംഭാവനയായി വാങ്ങിയിട്ടുള്ളത്. എന്നാൽ അവർ പ്രസംഗിക്കുന്നത് പാവപ്പെട്ടവർക്ക് ഒപ്പമാണ് എന്നാണ്. കോൺ​ഗ്രസിന്റെ കാലത്ത് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയുടെ ഓഡിറ്റർ ആയിരുന്ന കമ്പനിയുടെ സ്ഥാപകൻ മുൻ ധനകാര്യ സഹമന്ത്രി ആയിരുന്നു. ഇത് എന്തിനായിരുന്നു എന്ന് കോൺ​ഗ്രസ് മറുപടി പറയണം. ഫൗണ്ടേഷൻ ആർ ടി ഐ യുടെ പരിധിയിൽ കൊണ്ട് വരാത്തത് എന്ത് കൊണ്ടാണ്? ഫൗണ്ടേഷന്റെ അക്കൗണ്ട് സിഎജി ഓഡിറ്റിങ്ങിന് വിധേയമാക്കാത്തത് എന്ത് കൊണ്ട് എന്നും നഡ്ഡ ചോദിച്ചിരുന്നു.

രാജീവ് ​ഗാന്ധി ഫൗണ്ടേഷൻ ചൈനയിൽ നിന്ന് സംഭാവന വാങ്ങിയത് രാജ്യത്തിന് നാണക്കേട്: ബിജെപി

രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈന 90 ലക്ഷം രൂപ സംഭാവന നൽകിയെന്നാണ് ബിജെപി ആരോപിക്കുന്നത്. സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് 2007ൽ ഇന്ത്യയിലെ ചൈനീസ് എംബസി 90 ലക്ഷം രൂപ സംഭാവന നൽകിയെന്നാണ് ആരോപണം. ഫൗണ്ടേഷന്റെ  2007 ലെ വിദേശ സംഭാവന രേഖകളാണ് ഇതിനു തെളിവായി കഴി‍ഞ്ഞയിടയ്ക്ക് ബിജെപി പുറത്തു വിട്ടത്. രേഖയിൽ നാലാമതായാണ് എംബസിയുടെ പേരുള്ളത്.  2006 ലെ വാ‌ർഷിക റിപ്പോർട്ടിൽ സംഭാവന നൽകിയവരുടെ പട്ടികയിൽ ചൈനീസ് സർക്കാരിന്റെ പേരുണ്ടെന്നും ബിജെപി ആരോപിക്കുന്നു. 

click me!