Asianet News MalayalamAsianet News Malayalam

രാജീവ് ​ഗാന്ധി ഫൗണ്ടേഷൻ ചൈനയിൽ നിന്ന് സംഭാവന വാങ്ങിയത് രാജ്യത്തിന് നാണക്കേട്: ബിജെപി

ഫൗണ്ടേഷൻ ആർ ടി ഐ യുടെ പരിധിയിൽ കൊണ്ട് വരാത്തത് എന്ത് കൊണ്ടാണ്? ഫൗണ്ടേഷന്റെ അക്കൗണ്ട് സിഎജി ഓഡിറ്റിങ്ങിന് വിധേയമാക്കാത്തത് എന്ത് കൊണ്ട് എന്നും നഡ്ഡ ചോദിച്ചു.

rajiv gandhi foundation accepting money from china is shame for country says bjp
Author
Delhi, First Published Jun 27, 2020, 5:10 PM IST

ദില്ലി: കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈന ഉൾപ്പടെയുള്ള വിദേശ ശക്തികളിൽ നിന്ന് സംഭാവന വാങ്ങിയത് രാജ്യത്തിന് നാണക്കേട് എന്ന് ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ അഭിപ്രായപ്പെട്ടു. ഇത് രാജ്യ താൽപര്യത്തിന് എതിരാണ്. കോൺ​ഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയും തമ്മിൽ ഉള്ള ബന്ധം എന്തെന്ന് വ്യക്തമാക്കണമെന്നും നഡ്ഡ ആവശ്യപ്പെട്ടു. 

രാജീവ് ഗാന്ധി ഫൗണ്ടേഷൻ കോർപ്പറേറ്റുകളിൽ നിന്ന് വൻ തുകയാണ് സംഭാവനയായി വാങ്ങിയിട്ടുള്ളത്. എന്നാൽ അവർ പ്രസംഗിക്കുന്നത് പാവപ്പെട്ടവർക്ക് ഒപ്പമാണ് എന്നാണ്. കോൺ​ഗ്രസിന്റെ കാലത്ത് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയുടെ ഓഡിറ്റർ ആയിരുന്ന കമ്പനിയുടെ സ്ഥാപകൻ മുൻ ധനകാര്യ സഹമന്ത്രി ആയിരുന്നു. ഇത് എന്തിനായിരുന്നു എന്ന് കോൺ​ഗ്രസ് മറുപടി പറയണം. ഫൗണ്ടേഷൻ ആർ ടി ഐ യുടെ പരിധിയിൽ കൊണ്ട് വരാത്തത് എന്ത് കൊണ്ടാണ്? ഫൗണ്ടേഷന്റെ അക്കൗണ്ട് സിഎജി ഓഡിറ്റിങ്ങിന് വിധേയമാക്കാത്തത് എന്ത് കൊണ്ട് എന്നും നഡ്ഡ ചോദിച്ചു.

രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈന 90 ലക്ഷം രൂപ സംഭാവന നൽകിയെന്നാണ് ബിജെപി ആരോപിക്കുന്നത്. സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് 2007ൽ ഇന്ത്യയിലെ ചൈനീസ് എംബസി 90 ലക്ഷം രൂപ സംഭാവന നൽകിയെന്നാണ് ആരോപണം. ഫൗണ്ടേഷന്റെ  2007 ലെ വിദേശ സംഭാവന രേഖകളാണ് ഇതിനു തെളിവായി കഴി‍ഞ്ഞയിടയ്ക്ക് ബിജെപി പുറത്തു വിട്ടത്. രേഖയിൽ നാലാമതായാണ് എംബസിയുടെ പേരുള്ളത്.  2006 ലെ വാ‌ർഷിക റിപ്പോർട്ടിൽ സംഭാവന നൽകിയവരുടെ പട്ടികയിൽ ചൈനീസ് സർക്കാരിന്റെ പേരുണ്ടെന്നും ബിജെപി ആരോപിക്കുന്നു. 

ഗാന്ധി കുടുംബത്തിന് 2008 ലെ ബീജിംഗ് ഒളിംപിക്സ് കാണാൻ ചൈന സൗജന്യയാത്ര ഒരുക്കിയെന്നും ആരോപണമുണ്ട്. സംഭാവന സ്വീകരിച്ചതെന്തിനെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന്  കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടിരുന്നു. ചൈനയുമായുള്ള ബന്ധം എന്തെന്ന് വിശദീകരിക്കാൻ കോൺഗ്രസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Read Also: സാമ്പത്തിക തട്ടിപ്പ് കേസ്: കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു...

 

Follow Us:
Download App:
  • android
  • ios