
അഗർത്തല: ത്രിപുരയിലെ ധർമനഗർ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിക്ക് കനത്ത തോൽവി. 18920 വോട്ട് ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി ജഹർ ചക്രബർത്തിയാണ് മണ്ഡലത്തിൽ വിജയിച്ചത്. ആകെ പോൾ ചെയ്തതിൽ 24291 വോട്ട് ബിജെപി സ്ഥാനാർത്ഥി നേടിയപ്പോൾ സിപിഎമ്മിൻ്റെ അമിതാഭ ദത്തയ്ക്ക് 6001 വോട്ട് മാത്രമാണ് നേടാനായത്. കോൺഗ്രസിൻ്റെ ചയൻ ഭട്ടാചാര്യ 5936 വോട്ട് നേടി മൂന്നാമതെത്തി.
ത്രിപുര നിയമസഭ സ്പീക്കറായിരുന്ന ബിശ്വ ബന്ധു സെൻ 2025 ഡിസംബറിൽ മരിച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്. 79.84 ശതമാനം പേരാണ് വോട്ടെടുപ്പിൽ പങ്കാളികളായത്. ഇതോടെ 60 അംഗ സഭയിൽ ബിജെപിക്ക് 33 അംഗങ്ങളായി. സഖ്യകക്ഷികളായ തിപ്ര മോത പാർട്ടിക്ക് 13 ഉം ഐപിഎഫിന് ഒരു എംഎൽഎയുമുണ്ട്. സംസ്ഥാനത്ത് സിപിഎമ്മിൻ്റെ മുതിർന്ന നേതാക്കളിൽ ഒരാളാണ് അമിതാഭ ദത്ത. സംസ്ഥാനത്ത് ദീർഘകാലം അധികാരത്തിലുണ്ടായിരുന്ന സിപിഎമ്മിന് പ്രതിപക്ഷത്തായ ശേഷം ഭരണത്തിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണ് ഈ പരാജയം.
ഗുജറാത്തിലെ ഉമ്രേത് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയിലെ ഹർഷദ്ഭായ് ഗോവിന്ദ്ഭായ് പർമർ 30743 വോട്ടുകൾക്ക് കോൺഗ്രസിലെ ഭ്രുഗുരാജ്‌സിങ് ചൗഹാനെ പരാജയപ്പെടുത്തി. കർണാടകയിലെ ബഗൽകോട്, ദേവ്‌നഗരി സൗത്ത് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കാണ് വിജയം. മഹാരാഷ്ട്രയിലെ ബാരാമതിയിൽ സുനേത്ര അജിത് പവാറും (എൻസിപി) രാഹുരി മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ അക്ഷയ് ശിവജിറാവു കർദിലെയും ജയിച്ചു. നാഗാലാൻ്റിലെ കോറിദങ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ദഓചിർ ഇംചെൻ വിജയിച്ചു. ഇതോടെ സഭയിലെ പ്രായം കുറഞ്ഞ എംഎൽഎയായി ഇദ്ദേഹം മാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam