ഇന്ത്യയിലെ അന്വേഷണ ഏജൻസികളുടെ അഭ്യർഥനയനുസരിച്ച് വിശാഖയ്ക്കെതിരേ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുവതിയെ യുഎഇയിൽവെച്ച് അധികൃതർ പിടികൂടി നാടുകടത്തിയത്. ഓ​ഗസ്റ്റ് മൂന്നിന് പൂണെയിൽ വിമാനമിറങ്ങിയ യുവതിയെ തുടർന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ന്യൂഡൽഹി: നിക്ഷേപത്തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളിയായ യുവതിയെ വിദേശത്തുനിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത 88 കോടിയുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതിയായ വിശാഖ റാത്തോഡിനെയാണ് യുഎഇയിൽനിന്ന് നാടുകടത്തിയതിന് പിന്നാലെ പൂണെ വിമാനത്താവളത്തിൽവെച്ച് അറസ്റ്റ് ചെയ്തത്.

ഇന്ത്യയിലെ അന്വേഷണ ഏജൻസികളുടെ അഭ്യർഥനയനുസരിച്ച് വിശാഖയ്ക്കെതിരേ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുവതിയെ യുഎഇയിൽവെച്ച് അധികൃതർ പിടികൂടി നാടുകടത്തിയത്. ഓ​ഗസ്റ്റ് മൂന്നിന് പൂണെയിൽ വിമാനമിറങ്ങിയ യുവതിയെ തുടർന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

നിക്ഷേപത്തട്ടിപ്പ് കേസിൽ വിശാഖയുടെ ഭർത്താവ് അവിനാശ് റാത്തോഡും പ്രതിയാണ്. ഇയാൾക്കെതിരേയും ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് യുഎഇയിൽവെച്ച് പിടികൂടിയ ഇയാളെ ജൂലായ് 23-ന് ഇന്ത്യയ്ക്ക് കൈമാറി. മുംബൈ വിമാനത്താവളത്തിൽവെച്ച് ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവിൽ റിമാൻഡിലാണ്. ഇതിനുപിന്നാലെയാണ് അവിനാശിന്റെ ഭാര്യയെയും യുഎഇയിൽനിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തത്.

പ്രതിമാസം വൻതുക പ്രതിഫലം വാ​ഗ്ദാനം ചെയ്ത് നിക്ഷേപകരെ കബളിപ്പിച്ച് 88 കോടി രൂപയോളം തട്ടിയെന്നാണ് കേസ്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

2019-നും 2026 ജൂലായ്ക്കും ഇടയിൽ 274 പിടികിട്ടാപ്പുള്ളികളെയാണ് ഇന്റർപോളിന്റെ സഹായത്തോടെ വിദേശത്തുനിന്ന് ഇന്ത്യയിലെത്തിച്ച് പിടികൂടിയിട്ടുള്ളതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു. 36 രാജ്യങ്ങളിൽനിന്നായാണ് ഇവരെയെല്ലാം ഇന്ത്യയിലേക്ക് തിരികെയെത്തിച്ച് അറസ്റ്റ്ചെയ്തത്. സിബിഐയാണ് ഇന്ത്യയിൽ ഇന്റർപോളിന്റെ നോഡൽ ഏജൻസി.