
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നാലാം തവണയും ഭരണത്തിലേറാൻ ഒരുങ്ങിയ മമത ബാനർജിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ബിജെപിയുടെ മുന്നേറ്റം. മമത നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടതിന് പുറമേ, സീറ്റെണ്ണവും കൂപ്പുകൂത്തിയത് തോൽവിയുടെ ആഘാതം ഇരട്ടിയാക്കി. സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധവികാരവും അഴിമതി ആരോപണങ്ങളും അടക്കം ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. 2021ൽ 294ൽ 215 സീറ്റുകളിൽ വിജയിച്ചിരുന്ന തൃണമൂൽ കോൺഗ്രസ് അഞ്ച് വർഷങ്ങൾക്കിപ്പുറം 100ൽ താഴെ സീറ്റുകളിലേക്ക് വീഴാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്? വിശദമായി നോക്കാം.
സംസ്ഥാനം അഴിമതി ആരോപണങ്ങളുടെ കൂത്തരങ്ങായത് തൃണമൂൽ കോൺഗ്രസിൻ്റെ പതനത്തിനുള്ള കാരണങ്ങളിൽ ഒന്നാണ്. തൃണമൂൽ കോൺഗ്രസ് നേതാക്കളാണ് അഴിമതിയുടെ നിഴലിൽ നിന്നത്. ശാരദ, റോസ് വാലി കമ്പനികളുടെ പേരിലുള്ള അഴിമതി ആരോപണങ്ങൾ സംസ്ഥാനത്ത് വലിയ ചർച്ചയായിരുന്നു. സർക്കാർ സ്കൂൾ അധ്യാപകരുടെയും തദ്ദേശ സ്ഥാപന ജീവനക്കാരുടെയും റിക്രൂട്ട്മെൻ്റിൽ നടന്ന അഴിമതി ആരോപണങ്ങളും അടക്കം പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. മമതയുടെ അടുത്ത അനുയായ പാർഥ ചാറ്റർജിയുടെ വസതിയിൽനിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുത്തതും പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു.
ബംഗാളിൽ കഴിഞ്ഞ 15 വർഷമായി ഭരണത്തിലിരിക്കുന്ന മമത സർക്കാരിനെതിരായ ഭരണവിരുദ്ധ വികാര ആക്ഷേപം ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. സ്ത്രീകളും യുവാക്കളും അടക്കം വലിയൊരു വിഭാഗം സർക്കാരിനെതിരെ പരസ്യവിമർശനം ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമായെന്നായിരുന്നു പ്രധാന വിമർശനം. സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും പാർട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്.
കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് സംസ്ഥാനത്ത് വ്യാപക പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവത്തിൽ സ്ത്രീകളും യുവാക്കളും തെരുവിലിറങ്ങി വലിയ പ്രതിഷേധം നടത്തിയത് മമത ബാനർജിക്കും സർക്കാരിനും വലിയ സമ്മർദ്ദം സൃഷ്ടിച്ചിരുന്നു. കൊല്ലപ്പെട്ട വിദ്യാർഥിനിയുടെ അമ്മ ബിജെപി ടിക്കറ്റിൽ മത്സരിച്ചതും സംസ്ഥാനത്ത് മറ്റൊരു സന്ദേശമായി.
ബിജെപിയെ പുറത്തുനിന്ന് എത്തിയവരെന്ന് വിശേഷിപ്പിച്ച് തൃണമൂൽ നടത്തിയ പ്രചാരണം ഏശിയില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. മറുവശത്താകട്ടെ, സംസ്ഥാന സർക്കാരിൻ്റെ വീഴ്ചകളടക്കം ഉയർത്തിക്കാട്ടി ബിജെപി പ്രചാരണം നടത്തിയത് വോട്ടർമാർക്കിടയിൽ ശ്രദ്ധനേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് അടക്കമുള്ള കേന്ദ്ര നേതാക്കൾ നടത്തിയ പ്രചാരണം വലിയ ചർച്ചയായി. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റവും ന്യൂനപക്ഷപ്രീണനവും ബിജെപി പ്രചാരണ വിഷയമാക്കിയതും പാർട്ടിക്ക് നേട്ടമായി. കഴിഞ്ഞ 15 വർഷമായി മമത സർക്കാർ ഹിന്ദു വിഭാഗത്തെ അരികുവൽകരിച്ചുവെന്നും ബിജെപി പ്രചരിപ്പിച്ചിരുന്നു.
ഒരുകാലത്ത് കോർപറേറ്റ് കമ്പനികളുടെ ഇഷ്ടഭൂമിയായിരുന്ന ബംഗാളിൽ മമതയുടെ സർക്കാരിൻ്റെ കാലഘട്ടത്തിൽ സാഹചര്യം മാറിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, 2011ന് ശേഷം 110 ലിസ്റ്റഡ് കമ്പനികളടക്കം 6600ലധികം കമ്പനികൾ ബംഗാൾ വിട്ടു. അക്രമങ്ങൾ വർധിച്ച് ക്രമസമാധാന നില തകർന്നതാണ് ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇതിനിടെ, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി.
തൃണമൂൽ ഭരണത്തിൽ സർക്കാർ ജീവനക്കാരും അതൃപ്തി പരസ്യമാക്കിയത് പാർട്ടിക്ക് തിരിച്ചടിയായി. ഡിഎ, പേ സ്കെയിൽ അടക്കം വിഷയങ്ങൾ സർക്കാർ ജീവനക്കാർ ഉയർത്തിക്കാട്ടിയിരുന്നു. സർക്കാരിൻ്റെ പല തീരുമാനങ്ങളിലും ജീവനക്കാർ അതൃപ്തി അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam