ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി, യുപിയിൽ എസ്പി സ്ഥാനാർത്ഥി ഡിംപിൾ യാദവ് വൻ ലീഡിലേക്ക്

By Web TeamFirst Published Dec 8, 2022, 12:31 PM IST
Highlights

സമാജ്‍വാദി പാര്‍ട്ടി സ്ഥാനാർത്ഥി ഡിംപിള്‍ യാദവ് 78,037 വോട്ടിന്‍റെ ലീഡ് നേടിയിരിക്കുന്നു. വോട്ടെണ്ണൽ അവസാനിച്ചിട്ടില്ല

ദില്ലി : വിവിധ സംസ്ഥാനങ്ങളിലെ ലോക്സഭാ, നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി. ഉത്തർപ്രദേശിലെ മെയിന്‍പുരി ലോക്സഭാ മണ്ഡലത്തില്‍ സമാജ്‍വാദി പാര്‍ട്ടി സ്ഥാനാർത്ഥിയും അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവ് വന്‍ ലീഡിലേക്ക് എത്തിയിരിക്കുകയാണ്. ബിജെപി സ്ഥാനാര്‍ത്ഥിയേക്കാള്‍ 78,037 വോട്ടിന്‍റെ ലീഡ് നേടാൻ ഡിംപിള്‍ യാദവിനായി. തുടക്കം മുതൽ ഡിംപിളിന് ലീഡ് നിലനിർത്താനായിരുന്നു. സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ വിയോഗത്തെ തുടർന്നാണ് മെയിൻപുരിയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.

നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന യുപിയിലെ രാംപൂരിലും ഖതൗലിയിലും എസ്‍പി, ആ‍ർഎല്‍ഡി സ്ഥാനാർത്ഥികള്‍ ഏഴായിരവും ആറായിരവും വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. ആസം ഖാൻ അയോഗ്യനായതോടെയാണ് രാംപൂരിൽ തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി നേതാവ് വിക്രം സിംഗ് സൈനി അയോഗ്യനായതോടെയാണ് ഖതൗലി ഖതൗലിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് രണ്ടാമത്.

ബിഹാറിലെ കുർഹാനിയില്‍ ജനതാദള്‍ സ്ഥാനാർത്ഥി മനോജ് സിന്‍ഹയാണ് മുന്നില്‍. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മുന്നിലാണ്. ഒഡീഷയിലെ പദംപൂരില്‍ ബിജു ജനതാദള്‍ സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍ . ബിജെപി സ്ഥാനാർത്ഥിയേക്കാള്‍ 12,548 വോട്ടിന്‍റെ ലീഡ് നേടാൻ ബിജെഡി സ്ഥാനാർത്ഥിക്കായിട്ടുണ്ട്.

Read More : ഗുജറാത്ത് 'താമരപ്പാടം'; റെക്കോഡ് ജയത്തിലേക്ക് ബിജെപി, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്, സാന്നിധ്യമറിയിച്ച് ആപ്

click me!