Asianet News MalayalamAsianet News Malayalam

ഗുജറാത്ത് 'താമരപ്പാടം'; റെക്കോഡ് ജയത്തിലേക്ക് ബിജെപി, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്, സാന്നിധ്യമറിയിച്ച് ആപ്

എക്സിറ്റ് പോൾ ഫലങ്ങള്‍ പ്രവചിച്ചത് പോലെ ബിജെപിക്ക് വന്‍ വിജയത്തിലേക്ക് നീങ്ങുമ്പോള്‍ കോൺഗ്രസ് ബഹുദൂരം പിന്നിലാണ്.

Gujarat assembly election results 2022 Update BJP lead stays over 150
Author
First Published Dec 8, 2022, 11:11 AM IST

അഹമ്മദാബാദ്: താമരത്തരംഗം ആഞ്ഞടിച്ച ഗുജറാത്തിൽ ചരിത്രത്തിലെ മികച്ച പ്രകടനവുമായി ബിജെപി തുടർച്ചയായ ഏഴാം തവണയും അധികാരമുറപ്പിച്ചു. പോൾ ചെയ്ത വോട്ടിന്റെ 53 ശതമാനവും കയ്യടക്കിയ ബിജെപി 182 സീറ്റിൽ 150 ലും മുന്നേറുകയാണ്. 13 ശതമാനം വോട്ടും എട്ട് സീറ്റുകളുമായി  ആം ആദ്മി പാർട്ടി സാന്നിധ്യമറിയിച്ച ഗുജറാത്തിൽ കോൺഗ്രസ് തകർന്ന് തരിപ്പണമായി. വോട്ട് ശതമാനത്തിലും സീറ്റെണ്ണത്തിലും തകർന്നടിഞ്ഞ കോൺഗ്രസ് 19 സീറ്റിൽ ഒതുങ്ങി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്ന് തെരഞ്ഞെടുപ്പുകളിലാണ് ബിജെപിയെ ഗുജറാത്തില്‍ നയിച്ചത്. അന്ന് ഇല്ലാത്ത നേട്ടമാണ് ഇപ്പോള്‍ നേടിയിരിക്കുന്നത്. 2002 ല്‍ മോദി നയിച്ച ആദ്യ തെരഞ്ഞെടുപ്പില്‍ സീറ്റുനേട്ടം 115 ആയിരുന്നു. 2007 എത്തിയപ്പോള്‍ ഇത് 127 ആയി വര്‍ദ്ധിച്ചു. എന്നാല്‍ 2012 ല്‍ ഇത് 117 ആയി കുറഞ്ഞു. 2018 ലെ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് ഗുജറാത്തില്‍ 115 സീറ്റാണ് ഉണ്ടായിരുന്നത്. സാങ്കേതികമായി ഗുജറാത്ത് മുഖ്യമന്ത്രി അല്ലെങ്കിലും ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിയുടെ പോസ്റ്റര്‍ ഫിഗര്‍ മോദി തന്നെയായിരുന്നു. അതിനാല്‍ തന്നെ ഈ ചരിത്ര വിജയത്തിലും മോദിയുടെ വിജയ മുദ്ര വ്യക്തമാണ് എന്ന് നിരീക്ഷിക്കേണ്ടി വരും.

Also Read: ഗുജറാത്ത്; തുടര്‍ച്ചയായ ഏഴാം തവണയും അധികാരമുറപ്പിക്കാന്‍ ബിജെപി

എക്സിറ്റ് പോൾ ഫലങ്ങള്‍ പ്രവചിച്ചത് പോലെ ബിജെപിക്ക് വന്‍ വിജയത്തിലേക്ക് നീങ്ങുമ്പോള്‍ കോൺഗ്രസ് ബഹുദൂരം പിന്നിലാണ്. 2017 ൽ 77 സീറ്റ് നേടിയ ഇടത്ത് നിന്നാണ് കോൺഗ്രസിന് ഇത്തരമൊരു വീഴ്ച പറ്റിയിരിക്കുന്നത്. ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം വലിയ തോതിൽ ബാധിച്ചത് കോൺഗ്രസിനെയാണ്. ഗുജറാത്തിൽ ബിജെപിക്ക് വെല്ലുവിളിയാകാൻ പോലും കോൺഗ്രസിനോ ആംആദ്മി പാർട്ടിക്കോ സാധിച്ചിട്ടില്ല. ഭാരത് ജോഡോ യാത്രയുമായി രാഹുൽ ഗാന്ധി ഇറങ്ങിയിരുന്നെങ്കിലും ഗുജറാത്തിൽ വേണ്ട വിധം പ്രചാരണം നടത്താൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. ദേശീയ നേതാക്കള്‍ കോണ്‍ഗ്രസിന് വേണ്ടി സജീവമായി രംഗത്തിറങ്ങിയിരുന്നില്ല. 

എന്നാല്‍, ഗുജറാത്തില്‍ കോൺഗ്രസ് തകർന്നടിഞ്ഞെന്ന് പറയാനാവില്ലെന്ന് കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്. ചില മേഖലകളിൽ തിരിച്ചടിയുണ്ടായെന്നും എന്നാൽ ഇക്കാരണത്താൽ കോൺഗ്രസ് തകർന്നടിഞ്ഞുവെന്ന് പറയാനാകില്ലെന്നും മുകുൾ വാസ്നിക് പറഞ്ഞു.

Follow Us:
Download App:
  • android
  • ios