ഇടതുമുന്നണിയും തൃണമൂൽ കോൺഗ്രസും ശ്രമിച്ച് പരാജയപ്പെട്ട തീരുമാനം നടപ്പാക്കാൻ ബിജെപി; പശ്ചിമ ബംഗാൾ സംസ്ഥാനത്തിൻ്റേ പേര് മാറ്റും

Published : Nov 24, 2026, 04:52 AM IST
suvendu adhikari

Synopsis

പശ്ചിമ ബംഗാളിന്റെ പേര് ഇംഗ്ലീഷിൽ വെസ്റ്റ് ബംഗാൾ എന്നതിന് പകരം 'പശ്ചിം ബംഗ' എന്നാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനായുള്ള പ്രമേയം നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ച് കേന്ദ്രത്തിന് അയക്കാനാണ് നീക്കം. മുൻപ് ഇടതുപക്ഷവും തൃണമൂൽ കോൺഗ്രസും സമാനമായ ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടിരുന്നു.

കൊൽക്കത്ത: മുൻപ് സംസ്ഥാനത്ത് ഭരണത്തിലിരിക്കെ ഇടതുമുന്നണിയും പിന്നീട് തൃണമൂൽ കോൺഗ്രസും ശ്രമിച്ച് പരാജയപ്പെട്ട തീരുമാനം നടപ്പാക്കാനൊരുങ്ങി പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ. സംസ്ഥാനത്തിൻ്റെ പേര് ഇംഗ്ലീഷിൽ വെസ്റ്റ് ബംഗാൾ എന്നതിന് പകരം പശ്ചിം ബംഗ എന്നാക്കാനാണ് തീരുമാനം. ഡിസംബർ 4-ന് ആരംഭിക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഡിസംബർ 9-ന് നിയമസഭയിൽ ഇതിനായി പ്രമേയം അവതരിപ്പിക്കും. സഭ പാസാക്കിയ ശേഷം പ്രമേയം കേന്ദ്ര സർക്കാരിന് അയക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതോടെ ഔദ്യോഗിക രേഖകളിലും ഭരണപരമായ ആവശ്യങ്ങൾക്കും 'വെസ്റ്റ് ബംഗാൾ' (West Bengal) എന്നതിന് പകരം 'പശ്ചിം ബംഗ' എന്നായിരിക്കും ഉപയോഗിക്കുക. സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി അധികാരത്തിലിരിക്കുന്നതിനാൽ പേരുമാറ്റത്തിന് വലിയ തടസ്സങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ 'ഡബ്ല്യു' എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നതിനാൽ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും അവസാന സ്ഥാനങ്ങളിലാണ് ബംഗാൾ ഉൾപ്പെട്ടിരുന്നത്. ഇതിനാൽ തന്നെ മുഖ്യമന്ത്രിമാരുടെ യോഗങ്ങളിലും ദേശീയതലത്തിലെ മറ്റ് ഭരണതല യോഗങ്ങളിലും ബംഗാൾ പ്രതിനിധികൾക്ക് ഏറ്റവും അവസാനം മാത്രമേ സംസാരിക്കാൻ അവസരം ലഭിക്കാറുള്ളൂ. പേര് 'പശ്ചിം ബംഗ' എന്നാക്കുന്നതിലൂടെ ഇത് പരിഹരിക്കാനാകുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

കോൺഗ്രസ് നേതാവ് സിദ്ധാർത്ഥ് ശങ്കർ റേ മുഖ്യമന്ത്രിയായിരുന്ന 1974 കാലത്താണ് സംസ്ഥാനത്തിന്റെ പേരുമാറ്റം സംബന്ധിച്ച ചർച്ചകൾ ആദ്യമായി ഉയർന്നുവന്നത്. ബംഗ്ല, ബംഗോ, ബംഗോദേശ്, ബംഗോപ്രദേശ്, ബംഗോഭൂമി തുടങ്ങിയ പേരുകൾ അന്ന് പരിഗണനയിലുണ്ടായിരുന്നു. 1999-ൽ ബുദ്ധദേബ് ഭട്ടാചാര്യ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇതിനായി ആദ്യത്തെ നീക്കമുണ്ടായത്. സംസ്ഥാനത്തിന്റെ പേര് 'ബംഗ്ല' എന്നാക്കാൻ ഇടതുമുന്നണി സർക്കാർ നിർദ്ദേശിച്ചു. 1999 ജൂലൈ 20-ന് നിയമസഭയിൽ ചർച്ച ചെയ്തെങ്കിലും തുടർനടപടിയുണ്ടായില്ല.

പിന്നീട് 2011-ൽ അധികാരത്തിലെത്തിയ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാർ, സംസ്ഥാനത്തിന്റെ പേര് ഇംഗ്ലീഷിലും 'പശ്ചിം ബംഗ' എന്നാക്കണമെന്ന് നിലപാടെടുത്തു. 2011 സെപ്റ്റംബർ 2-ന് നിയമസഭയിൽ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചു. ഇതിനായി 2014-ൽ പാർലമെന്റിൽ ബിൽ അവതരിപ്പിക്കുമെന്ന് അന്നത്തെ യുപിഎ സർക്കാർ അറിയിച്ചിരുന്നെങ്കിലും അത് നടന്നില്ല. തുടർന്ന് 2016 ഓഗസ്റ്റ് 29-ന് മൂന്ന് ഭാഷകളിൽ മൂന്ന് പേരുകൾ (ബംഗാളിയിൽ ബംഗ്ല, ഇംഗ്ലീഷിൽ ബംഗാൾ, ഹിന്ദിയിൽ ബംഗാൾ) നിർദ്ദേശിച്ചുകൊണ്ട് തൃണമൂൽ സർക്കാർ രണ്ടാമതും പ്രമേയം പാസാക്കി. എന്നാൽ ഒരു സംസ്ഥാനത്തിന് മൂന്ന് ഭാഷകളിൽ വ്യത്യസ്ത പേരുകൾ ഭരണഘടനാപരമായി അനുവദനീയമല്ലെന്ന് വ്യക്തമാക്കി നരേന്ദ്ര മോദി സർക്കാർ ഈ നിർദ്ദേശം തള്ളി. കേന്ദ്രത്തിന്റെ എതിർപ്പ് കണക്കിലെടുത്ത് 2018 ജൂലൈ 26-ന് എല്ലാ ഭാഷകളിലും 'ബംഗ്ല' എന്ന പേര് നിർദ്ദേശിച്ചുകൊണ്ട് നിയമസഭ മൂന്നാമതും പ്രമേയം പാസാക്കി. എന്നാൽ 'ബംഗ്ല' എന്ന പേര് അയൽരാജ്യമായ 'ബംഗ്ലാദേശുമായി' സാമ്യമുള്ളതാണെന്നും അന്താരാഷ്ട്ര വേദികളിൽ ഇത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി കേന്ദ്രം അനുമതി നിഷേധിച്ചു. ബംഗാൾ വിഭജനത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട 'വെസ്റ്റ് ബംഗാൾ' എന്ന പേര് മാറ്റരുതെന്ന് അന്ന് ബംഗാൾ ബിജെപിയിലെ ഒരു വിഭാഗവും വാദിച്ചിരുന്നു. തുടർന്ന് തൃണമൂൽ സർക്കാർ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ്-സമാജ്‌വാദി പാർട്ടി സീറ്റ് വിഭജനത്തിൽ പ്രാഥമിക ധാരണയായി, അന്തിമ തീരുമാനം 3 ദിവസത്തിൽ
കാർത്തിക ദീപം: മധുരയിൽ നിരോധനാജ്ഞ, തിരുപ്പരൻകുൻട്രം മലയിൽ പൊതുജനങ്ങൾക്ക് വിലക്ക്