ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ്-സമാജ്‌വാദി പാർട്ടി സീറ്റ് വിഭജനത്തിൽ പ്രാഥമിക ധാരണയായി, അന്തിമ തീരുമാനം 3 ദിവസത്തിൽ

Published : Nov 24, 2026, 02:40 AM IST
SP Congress, Akhilesh Yadav, Rahul Gandhi

Synopsis

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ പ്രാഥമിക ധാരണയിലെത്തി. സീറ്റുകളുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ അന്തിമ പ്രഖ്യാപനമുണ്ടാകും. വിജയസാധ്യതയ്ക്ക് മുൻഗണന നൽകിയാണ് ഇരു പാർട്ടികളും ചർച്ചകൾ പുരോഗമിക്കുന്നത്.

ലഖ്‌നൗ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജനത്തിൽ ആഴ്ചകളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്കും അവകാശവാദങ്ങൾക്കും വിരാമമിട്ട് സമാജ്‌വാദി പാർട്ടിയും (എസ്പി) കോൺഗ്രസും തമ്മിൽ പ്രാഥമിക ധാരണയായി. ഡൽഹിയിൽ നടന്ന ആദ്യഘട്ട ചർച്ചയ്ക്ക് ശേഷമാണ് ഇരുപാർട്ടികളും സഖ്യത്തിന്റെ കാര്യത്തിൽ ധാരണയിലെത്തിയത്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ എത്ര സീറ്റുകളാണ് ചർച്ചയിലുള്ളതെന്ന് ഇരുപാർട്ടികളും വെളിപ്പെടുത്തിയിട്ടില്ല. ചൊവ്വാഴ്ച ഇരു പാർട്ടികളും വീണ്ടും യോഗം ചേരും.

സൗഹാർദ്ദപരമായ യോഗമെന്നും ഇരുവിഭാഗവും നിലപാടുകൾ വ്യക്തമാക്കിയെന്നും സമാജ്‌വാദി പാർട്ടി പ്രതിനിധി സംഘത്തെ നയിച്ച രാം ഗോപാൽ യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചർച്ച തൃപ്തികരമായിരുന്നുവെന്ന് യുപി കോൺഗ്രസ് അധ്യക്ഷ ആരാധന മിശ്രയും പ്രതികരിച്ചു. ഇരുപാർട്ടികളും തമ്മിൽ പരസ്പര വിശ്വാസമുണ്ടെന്നും സഖ്യം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. സീറ്റുകളുടെ എണ്ണം ഇപ്പോൾ വെളിപ്പെടുത്താനാവില്ലെങ്കിലും വിഷയത്തിൽ സമവായമായിട്ടുണ്ടെന്നും ആരാധന മിശ്ര കൂട്ടിച്ചേർത്തു. ഇരുപാർട്ടികളിൽ നിന്നും നാല് അംഗങ്ങൾ വീതമാണ് ചർച്ചയിൽ പങ്കെടുത്തത്. ആരാധന മിശ്ര, യുപി ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതം, വർക്കിംഗ് പ്രസിഡന്റ് ഇമ്രാൻ മസൂദ്, എംഎൽഎ വീരേന്ദ്ര ചൗധരി എന്നിവരാണ് കോൺഗ്രസിനെ പ്രതിനിധീകരിച്ചത്. എസ്പി സംസ്ഥാന അധ്യക്ഷൻ ശ്യാം ലാൽ പാൽ, എംപിമാരായ രാജീവ് റായ്, ഇഖ്റ ഹസൻ എന്നിവർ രാം ഗോപാൽ യാദവിനൊപ്പം ചർച്ചയിൽ പങ്കെടുത്തു.

യുപി കോൺഗ്രസ് നേതൃത്വം 200 സീറ്റുകളായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കോൺഗ്രസ് 181 സീറ്റുകളാണ് ചോദിക്കുന്നതെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് പരസ്യമായി വെളിപ്പെടുത്തിയത് കോൺഗ്രസ് ക്യാമ്പിൽ അസ്വാരസ്യമുണ്ടാക്കിയിരുന്നു. ഉഭയകക്ഷി ചർച്ചകൾ പരസ്യമാക്കരുതായിരുന്നു എന്ന നിലപാടിലായിരുന്നു കോൺഗ്രസ്. 140 മുതൽ 150 വരെ മണ്ഡലങ്ങളാണ് കോൺഗ്രസ് മത്സരിക്കാൻ താത്പര്യപ്പെടുന്നതെങ്കിലും നൂറിലധികം സീറ്റുകളെങ്കിലും എസ്‌പി വിട്ടുനൽകുമെന്നാണ് പ്രതീക്ഷ. വിജയസാധ്യത മുൻനിർത്തി മണ്ഡലങ്ങളെ എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും മുൻഗണനയുള്ള 60 സീറ്റുകളാണ് 'എ' വിഭാഗത്തിലുള്ളത്. യാദവ ഇതര ഒബിസി വിഭാഗങ്ങൾ, ദളിതർ, ബ്രാഹ്മണർ, അതിപിന്നാക്ക വിഭാഗങ്ങൾ എന്നിവർക്കിടയിൽ സ്വാധീനമുറപ്പിക്കാൻ കൂടുതൽ സീറ്റുകൾ ലഭിക്കുന്നത് സഹായിക്കുമെന്ന് കോൺഗ്രസ് കരുതുന്നു.

വിജയസാധ്യതയ്ക്കാണ് സമാജ്‌വാദി പാർട്ടി പ്രാധാന്യം നൽകുന്നത്. വിജയിക്കാൻ കൂടുതൽ സാധ്യതയുള്ള പാർട്ടിക്ക് ആ മണ്ഡലം നൽകണമെന്ന നിലപാടാണ് അഖിലേഷ് യാദവിനുള്ളത്. സീറ്റുകളുടെ എണ്ണമല്ല മറിച്ച് ജയസാധ്യതയ്ക്കാണ് പ്രാധാന്യമെന്നും അതിനാൽ തന്നെ ആർക്കാണോ ജയിക്കാൻ കഴിയുക അവർ ആ സീറ്റ് എടുക്കട്ടെ എന്നും അഖിലേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്നലെ നടന്ന യോഗത്തിലും ഇക്കാര്യം അദ്ദേഹം ആവർത്തിച്ചു. ചൊവ്വാഴ്ച നടക്കുന്ന ചർച്ചയിൽ സീറ്റുകളുടെ എണ്ണത്തേക്കാളുപരി ഓരോ മണ്ഡലത്തിലെയും വിജയസാധ്യത, സംഘടനാ ശക്തി, ജാതി സമവാക്യങ്ങൾ എന്നിവയാകും പ്രധാനമായും വിലയിരുത്തുക. വെറും അവകാശവാദങ്ങൾക്കപ്പുറം യാഥാർത്ഥ്യബോധത്തോടെയുള്ള വിലയിരുത്തലാണ് ആവശ്യമെന്ന് എസ്‌പി നേതാക്കളും ചൂണ്ടിക്കാട്ടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാർത്തിക ദീപം: മധുരയിൽ നിരോധനാജ്ഞ, തിരുപ്പരൻകുൻട്രം മലയിൽ പൊതുജനങ്ങൾക്ക് വിലക്ക്
പശ്ചിമ ബംഗാളിന്‍റെ പേര് 'പശ്ചിം ബംഗ' എന്നാക്കാൻ നീക്കം; ഡിസംബർ 9ന് പ്രമേയം അവതരിപ്പിക്കും