മധുരയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. തിരുപ്പരൻകുൻട്രം ദീപം തെളിയിക്കൽ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ ആണ് ഉത്തരവിറക്കിയത്. തിരുപ്പരൻകുൻട്രം മലയിൽ പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ചെന്നൈ: മധുര തിരുപ്പരൻകുൻട്രം ദീപം തെളിയിക്കൽ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ മധുരയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ കളക്ടർ. തിരുപ്പരൻകുൻട്രം മലയിൽ പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. നാളത്തെ കാർത്തിക ദീപത്തിനു മുന്നോടിയായാണ് നിയന്ത്രണം. തിങ്കളാഴ്ച രാത്രി ഒമ്പതുമണിമുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. ബുധനാഴ്ച രാവിലെ 10 വരെ നിയന്ത്രണങ്ങൾ നീളും. ദീപം തെളിയിക്കലിനെ പിന്തുണച്ചും എതിർത്തും വലിയ തോതിൽ ആളുകൾ എത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പിനെ തുടർന്നാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. തിരുപ്പരൻകുൻട്രം മലയിൽ ഡ്രോൺ പറത്തുന്നതിന് മധുര സിറ്റി പൊലീസ് വിലക്കേ‍ർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം തിരുപ്പരൻകുൻട്രം മലയിൽ ദർഗയോട് ചേർന്ന മലയിൽ നാളെ ദീപം തെളിയിക്കാൻ തമിഴ്നാട് സർക്കാർ അനുവദിക്കില്ലെന്നാണ് സൂചന. മതസൗഹാർദം തക‍ർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് മന്ത്രി അരുൺ രാജ് അറിയിച്ചു. ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയ സുപ്രീം കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ റിവ്യൂ ഹർജി സമർപ്പിച്ചിരുന്നു. 24ന് ഒറ്റത്തവണത്തേക്ക് മാത്രം ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളോടുകൂടിയ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്താണ് തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്സ് കമ്മീഷണ‍‌‍‍ർ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ സ‍ർക്കാരിൻ്റെ റിവ്യൂ ഹർജി സുപ്രീം കോടതി പരിഗണനയ്ക്ക് എടുക്കാത്ത സാഹചര്യത്തിൽ, മുഖ്യമന്ത്രി സി ജോസഫ് വിജയ് ഡിജിപി, അഡ്വക്കേറ്റ് ജനറൽ, മുതിർന്ന മന്ത്രിമാർ എന്നിവരുമായി അടിയന്തര ചർച്ച നടത്തി.

മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥന്റെ നിർദേശപ്രകാരം 2025 ഡിസംബർ മൂന്നിന് ദീപത്തൂണിൽ ദീപം തെളിയിക്കാൻ അന്നത്തെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചിരുന്നു. മറ്റൊരു ക്ഷേത്രത്തിൽ മാത്രമാണ് കാർത്തിക ദീപം തെളിയിക്കുന്നതെന്നും ദർഗയ്ക്ക് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന ദീപത്തൂണിൽ വിളക്ക് തെളിയിക്കുന്നത് വർഗീയ സംഘർഷങ്ങൾക്ക് ഇടയാക്കുമെന്നുമായിരുന്നു സർക്കാർ വാദം. ജസ്റ്റിസ് സ്വാമിനാഥന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചെങ്കിലും സുപ്രീം കോടതി സ്റ്റേ ചെയ്യുകയായിരുന്നു. എന്നാൽ ക‍ർശന നിയന്ത്രണങ്ങളോടെ ഒറ്റത്തവണത്തേക്കുള്ള നടപടിയായി ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകുകയായിരുന്നു.