
ബെംഗളൂരു: തനിക്കെതിരെ പ്രചരിച്ച ലൈംഗിക വീഡിയോ വ്യാജമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും കര്‍ണാടക ബിജെപി എംഎല്‍എ രമേഷ് ജാര്‍ക്കിഹോളി. വിവാദ വീഡിയോ പുറത്തായതിനെ തുടര്‍ന്ന് മാര്‍ച്ച് മൂന്നിനാണ് രമേഷ് ജാര്‍ക്കിഹോളി മന്ത്രി സ്ഥാനം രാജിവെച്ചത്. കഴിഞ്ഞ നാല് മാസമായി തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 'കഴിഞ്ഞ നാല് മാസം മുമ്പ് തന്നെ തനിക്കെതിരെയുള്ള ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നു. തനിക്ക് മുന്നറിയിപ്പ് ലഭിക്കുകയും ചെയ്തു. ഭയന്നിരുന്നെങ്കില്‍ എനിക്ക് എന്തെങ്കിലും ചെയ്യാമായിരുന്നു'-അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വീഡിയോ പുറത്താകുന്നതിന് 26 മണിക്കൂര്‍ മുമ്പ് ബിജെപി ഉന്നത നേതൃത്വം തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ നടപടിയെടുക്കാന്‍ എന്നോട് നേതൃത്വം പറഞ്ഞു. പക്ഷേ ഞാന്‍ അത് ചെയ്തില്ല. ഇതൊരു പ്രധാന രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. തന്നോട് പാര്‍ട്ടി നേതൃത്വം രാജിവെക്കാന്‍ പറഞ്ഞിട്ടില്ല. രാജി തീരുമാനം സ്വയമെടുത്തതാണ്. കുടുംബത്തിനുണ്ടായ അപമാനം ഇല്ലാതാക്കാനാണ് താന്‍ പ്രധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ണാടക പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് ജാര്‍ക്കിഹോളി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് സോഷ്യല്‍ ആക്ടിവിസ്റ്റായ ദിനേഷ് കലഹള്ളി ആരോപിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. വീഡിയോ വ്യാജമാണെന്നാണ് രമേഷ് ജാര്‍ക്കിഹോളിയുടെ വാദം. റഷ്യയില്‍ നിന്നാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്നും 15 കോടി ചെലവാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സഹോദരനും ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam